അഭിജീത് ദിപ്കെ

'ഇത് ഇവിടെ അവസാനിക്കുന്നില്ല'- മുന്നറിയിപ്പുമായി അഭിജീത് ദിപ്കെ

ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലെ വൻ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി കോക്രോച്ച് ജനതാ പാർട്ടി. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കുകയോ, അടുത്ത ഏഴ് ദിവസത്തിനുള്ളിൽ അദ്ദേഹം സ്വമേധയാ സ്ഥാനമൊഴിയുകയോ ചെയ്യാത്ത പക്ഷം പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി. ഡൽഹി ജന്തർ മന്തറിൽ നടന്ന വൻ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് കേന്ദ്രത്തിന് സി.ജെ.പി അന്ത്യശാസനം നൽകിയത്.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം കൂടുതൽ ആവേശത്തോടെ മുന്നോട്ട് കൊണ്ടുപോകും. ഒരു തലമുറയുടെ മുഴുവൻ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും തങ്ങൾ സ്വീകരിക്കില്ലെന്ന് സി.ജെ.പി വക്താവ് അശുതോഷ് റാങ്കയും കൂട്ടിച്ചേർത്തു. എന്നാൽ പ്രതിഷേധങ്ങളെല്ലാം അവഗണിച്ചുകൊണ്ട് മന്ത്രി ഔദ്യോഗിക സമ്മേളനങ്ങൾക്കായി യാത്ര തിരിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.

ഡൽഹിയിലെ കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് മണിക്കൂറുകളോളമാണ് സി.ജെ.പി പ്രവർത്തകരും വിദ്യാർത്ഥികളും ജന്തർ മന്തറിൽ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയത്. ഇത് ചരിത്രപരവും സമാധാനപരവുമായ ഒരു മുന്നേറ്റമാണെന്ന് വിശേഷിപ്പിച്ച ദിപ്കെ, ആദ്യമായി തെരുവിലിറങ്ങുന്ന പല യുവാക്കളും നിരാശയുടെ ഭാഗമാണെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി അഴിച്ചുപണിയേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം ജന്തർ മന്തറിലെ വൻ ജനക്കൂട്ടത്തെയും പ്രതിഷേധത്തെയും പരിഹസിച്ച് ബി.ജെ.പി നേതാവ് നിതിൻ നബിൻ രംഗത്തെത്തി. വിദേശത്തിരുന്ന് ചിലർ ഇന്ത്യയിലെ യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാൽ രാജ്യത്തെ യുവതലമുറ ആരുടെയും കൈയിലെ പാവകളാകില്ലെന്നും അദ്ദേഹം എക്സ് ഹാൻഡിലിലൂടെ പറഞ്ഞു. യുവാക്കളെ വ്യവസ്ഥാപിത വിരുദ്ധരായി മുദ്രകുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - This does not end here": Abhijit Diptke issues a warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.