അമിത് ഷാ, രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ; വോട്ട് ചോരി ആരോപണങ്ങളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം നടത്താൻ തയാർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ വോട്ട് തിരിമറി ആരോപണങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിവാദങ്ങളിലും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരത്തിൽ തോറ്റതിന് ശേഷം റഫറിയെ കുറ്റപ്പെടുത്തുന്നതുപോലെയുള്ള സമീപനമാണ് പ്രതിപക്ഷ പാർട്ടികളുടേത്. ആരോപണങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനും ജനാധിപത്യപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് ചർച്ച ചെയ്യാനുമാണ് അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

'രാഹുലും അഖിലേഷ് യാദവും ഒരു മത്സരം തോറ്റതിന് ശേഷം കൂടുതൽ കഠിനമായി പരിശീലിക്കുന്നതിനുപകരം, റഫറിയെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഞാൻ അവരെ വെല്ലുവിളിക്കുന്നു, ഈ ആരോപണങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ ഭരണപക്ഷം തയ്യാറാണ്. മുന്നോട്ട് വരൂ, നമുക്ക് ഒരു പ്രത്യേക സമ്മേളനം വിളിക്കാം,' ലഖ്‌നൗവിൽ നടന്ന പാർട്ടി യോഗത്തിൽ ഷാ പറഞ്ഞു.

മണ്ഡല പുനർനിർണയം, വനിതാ സംവരണം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനായി സർക്കാർ ഉടൻ തന്നെ ഒരു പ്രത്യേക സമ്മേളനം വിളിച്ചേക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഓഗസ്റ്റ് 13ന് അവസാനിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഇതുവരെ നിർത്തിവച്ചിട്ടില്ലെന്നും അനിശ്ചിതമായി നീട്ടിവെക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു. 13 കോടി വോട്ടർമാരെ ഒഴിവാക്കിയ എസ്‌ഐആർ നടപടിക്രമങ്ങളിലെ ക്രമക്കേടുകൾ ആരോപിച്ച് രാഹുൽ നയിക്കുന്ന പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ പോരാട്ടം നടത്തുന്ന സമയത്താണ് ആഭ്യന്തരമന്ത്രിയുടെ വെല്ലുവിളി.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഇന്ത്യാ സഖ്യവും കോക്രോച്ച് ജന്ത പാർട്ടിയും (സിജെപി) ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. എസ്‌ഐആർ പ്രക്രിയയിൽ പോൾ പാനൽ എടുത്ത വിവിധ തീരുമാനങ്ങളെ രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരും എതിർത്തുവെന്ന് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട വാർത്തക്ക് പിന്നാലെയാണ് നീറ്റ് വിവാദങ്ങൾക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വീണ്ടും പ്രതിഷേധം ശക്തമായത്.

അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമ്പോൾ ഭരണഘടന സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് കമീഷണറെയും വ്യക്തിപരമായി ലക്ഷ്യമിടുന്നത് പ്രതിപക്ഷത്തിന്റെ പതിവ് തന്ത്രമാണെന്ന് ഭരണപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. ഏത് വിഷയവും പാർലമെന്റിൽ ചർച്ച ചെയ്യാൻ ഭരണപക്ഷം തയ്യാറാണെന്നും എന്നാൽ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.

Tags:    
News Summary - Vote Theft Controversy: Amit Shah Ready for Special Parliament Session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.