നേഹ ബോറ
‘അവിടെ കാണാം...’; സിജെപിക്കു പിന്നാലെ ഇൻഡ്യ മുന്നണിയുടെ മഹാറാലിക്ക് പിന്തുണ പ്രഖ്യാപിച്ച് നേഹ ബോറയും
ന്യൂഡൽഹി: എസ്.ഐ.ആറിനും മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ ഇൻഡ്യ മുന്നണി നടത്തുന്ന മഹാറാലിക്ക് പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥി പ്രവർത്തകയും ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) അധ്യക്ഷയുമായ നേഹ ബോറ.
നവംബര്‍ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്താണ് റാലി നടക്കുന്നത്. കഴിഞ്ഞദിവസം സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും എക്സിലൂടെ പിന്തുണ അറിയിച്ചിരുന്നു. ‘ഗ്യാനേഷ് കുമാറിന്റെ രാജി, എസ്.ഐ.ആർ നടപടികൾ പൂർണമായും നിർത്തിവെക്കുക, 2023ലെ നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടക്കുന്ന പ്രക്ഷോഭത്തിലൂടെ ശക്തമായി ഉയർത്തും’ എന്ന് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ നേഹ ബോറ പറഞ്ഞു. വോട്ടവകാശം സംരക്ഷിക്കാനും ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും രാംലീല മൈതാനത്ത് എത്തിച്ചേരണമെന്നും നേഹ ബോറ പൗരന്മാരോട് അഭ്യർഥിച്ചു.
ഞായറാഴ്ച നടക്കുന്ന റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിപക്ഷ നേതാക്കളും പാർട്ടി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും സാധാരണ പൗരന്മാരും പങ്കെടുക്കും. ബുധനാഴ്ചയാണ് കോക്രോച്ച് ജനത പാർട്ടി റാലിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘ഗ്യാനു പുറത്തുപോകണം! നവംബർ ഒന്നിന് നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിക്ക് കോക്രോച്ച് ജനതാ പാർട്ടി പിന്തുണ പ്രഖ്യാപിക്കുന്നു. രാഷ്ട്രമാണ് എല്ലാത്തിനും മുകളിൽ’ -അഭിജീത് ദിപ്കെ എക്സിൽ കുറിച്ചു. കർശന ഉപാധികളോടെയാണ് ഡൽഹി പൊലീസ് റാലിക്ക് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.