ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം; പൈലറ്റുൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ബദരീനാഥ്–ജോഷിമഠ് റൂട്ടിൽ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി അധികൃതർ അറിയിച്ചു. ബദരീനാഥിൽനിന്ന് ഡെറാഡൂണിലെ സഹസ്രധാരയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 

ബദരീനാഥിൽനിന്ന് ഉച്ചക്ക് 1.14ഓടെയാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. പ്രദേശത്ത് മഞ്ഞുവീഴ്ച തുടരുന്നതിനിടെയായിരുന്നു യാത്ര. ജോഷിമഠ് താഴ്‌വരക്ക് മുകളിലൂടെ പറക്കുന്നതിനിടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. തുടർന്ന് ഹാത്തി പർവത് മേഖലക്ക് സമീപം ഹെലികോപ്റ്റർ കാണാതായതായി അധികൃതർ അറിയിച്ചു.

ഉച്ചയ്ക്ക് 2.20ഓടെ മാർവാരി പാലത്തിന് സമീപത്തെ ജെ.പി. പവർ ഹൗസിനടുത്തുള്ള മലഞ്ചെരുവിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന പ്രതാപ, അരുൺ, ശങ്കർ ഗൗഡ, സുധീർ കെ, എച്ച്.എസ്. നടരാജ, പൈലറ്റ് ക്യാപ്റ്റൻ ഹിമാൻഷു എന്നിവരാണ് മരിച്ചത്.

ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ VT-HCX എന്ന കോൾസൈൻ ഉള്ള ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് കമ്പനിയുടെ മുഴുവൻ ഹെലികോപ്റ്റർ ഫ്ലീറ്റും മുൻകരുതൽ നടപടിയായി നിലത്തിറക്കി.

സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു.  2015 മുതൽ 2025 വരെയുള്ള കാലയളവിൽ ചാർധാം മേഖലയിൽ എട്ട് അപകടങ്ങളും ഒരു ഗുരുതര സംഭവവും ഉൾപ്പെടെ ഒമ്പത് വ്യോമയാന സംഭവങ്ങൾ ഉണ്ടായതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ  കണക്കുകൾ വ്യക്തമാക്കുന്നു. 2022 മുതൽ എല്ലാ വർഷവും കുറഞ്ഞത് ഒരു അപകടമോ ഗുരുതര സംഭവമോ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ചാർധാം മേഖലയിൽ നാല് ഹെലികോപ്റ്റർ അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ രണ്ടെണ്ണം മരണത്തിനിടയാക്കിയിരുന്നു. ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന അപകടനിരക്കാണിത്. കഴിഞ്ഞ ജൂണിലും ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടത്തിൽ ഏഴുപേർ മരിച്ചിരുന്നു. കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്റ്റർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.

Tags:    
News Summary - Helicopter crash in Uttarakhand; tragic end for six including pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.