‘ജീവൻ പണയപ്പെടുത്തി സഹജീവികളെ സഹായിച്ചവരാണിവർ’, ഡൽഹി റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരെ പ്രശംസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും 18 പേർ കൊല്ലപ്പെട്ട സംഭവത്തിൽ യാത്രക്കാരെ സഹായിക്കാൻ ജീവൻ പണയപ്പെടുത്തിയ സ്റ്റേഷൻ പോർട്ടർമാരുടെ ധീരതയെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും അവരുടെ ശബ്ദം ആരും കേൾക്കുന്നില്ലെന്നും അവരുടെ അവകാശങ്ങൾക്കായി പോരാടുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു. പോർട്ടർമാരുമായി സംവദിക്കുന്ന വിഡിയോ എക്സിൽ പങ്കുവെച്ചാണ് അദ്ദേഹം അവരെ അഭിനന്ദനങ്ങൾ കൊണ്ടു മൂടിയത്.

‘തിക്കിലും തിരക്കിലും പെട്ട് ആളുകളെ സഹായിക്കാൻ ഈ പോർട്ടർമാർ ജീവൻ പണയപ്പെടുത്തി, പക്ഷേ അവരുടെ ശബ്ദം ആരും കേട്ടില്ല. അവരുടെ ആവശ്യങ്ങൾ സർക്കാറിന് മുന്നിൽ അവതരിപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്യും’- രാഹുൽ ഗാന്ധി പറഞ്ഞു.

മുമ്പ് കണ്ടിട്ടില്ലാത്തവിധം വലിയ ജനക്കൂട്ടമാണ് സ്റ്റേഷൻ പരിസരത്ത് എത്തിച്ചേർന്നതെന്നും സ്റ്റേഷന്റെ വഴികളും പാതകളും തങ്ങൾക്ക് പരിചിതമായതിനാൽ ആളുകളെ സഹായിക്കാൻ അത് തുണയായെന്നും പോർട്ടർമാരിലൊരാൾ രാഹുലിനോട് പറഞ്ഞു.

ദിവസക്കൂലിയിൽനിന്ന് ഉപജീവനം കണ്ടെത്തുന്ന ഈ സഹോദരങ്ങളുടെ കാരുണ്യം തന്നെ വളരെയധികം സ്പർശിച്ചു. പ്രാരബ്ധങ്ങളോട് പോരടിക്കുന്ന ജീവിതത്തിനിടയിലും സഹജീവികളോടുള്ള അവരുടെ സ്നേഹവും സമർപ്പണവും പ്രശംസനീയമാണ്. അവരെ സഹായിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഫെബ്രുവരി 15നാണ് മഹാകുംഭമേള മൂലമുണ്ടായ തിക്കിലും തിരക്കില്‍പ്പെട്ട് ​ഡൽഹി റെയിൽവെ സ്റ്റേഷനിൽ 18 പേര്‍ മരിച്ചത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ ഒമ്പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പുരുഷന്മാരും ഉൾപ്പെടുന്നു. പ്രയാഗ് രാജിലേക്കുള്ള പ്രത്യേക ട്രെയിൻ പെട്ടെന്ന് അനൗൺസ് ചെയ്തതാണ് തിക്കിനും തിരക്കിനും കാരണമായത്.

Tags:    
News Summary - 'They risked their lives': Rahul Gandhi interacts with NDLS porters, shares video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.