ഗുവാഹത്തി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് മുസ്‍ലിം കുടുംബങ്ങൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായതായി പരാതി. വീടുകൾ നഷ്ടപ്പെട്ടതിന് പിന്നാലെ വോട്ടവകാശവും നഷ്ടപ്പെട്ടതോടെ ഇവർ കടുത്ത ആശങ്കയിലാണ്. ഫോം 6 പൂരിപ്പിച്ചു നൽകിയിട്ടും പലരുടെയും അപേക്ഷകൾ അധികൃതർ തള്ളിയതായി ‘ദി ക്വിന്റ്’ റിപ്പോർട്ട് ചെയ്തു.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‍ലിം വിഭാഗത്തെ വോട്ടർ പട്ടികയിൽ നിന്ന് ആസൂത്രിതമായി ഒഴിവാക്കുകയാണെന്ന് പരാതിക്കാർ ആരോപിക്കുന്നു. വീടുകൾ തകർക്കപ്പെട്ടതിന് പിന്നാലെ തങ്ങളുടെ വോട്ടവകാശവും നിഷേധിക്കപ്പെടുകയാണെന്ന് കുടിയിറക്കപ്പെട്ട ആസിഫും ഹൈദറും (സാങ്കൽപ്പിക പേരുകൾ) പറഞ്ഞു. ‘ഞാൻ ഇവിടെയാണ് ജനിച്ചതും വളർന്നതും. ഒരു പ്രത്യേക വിഭാഗത്തെ ഇത്തരത്തിൽ ലക്ഷ്യം വെക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്വന്തം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ വേണ്ടി ഞങ്ങളുടെ വോട്ടവകാശം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്’ -ആസിഫ് പറഞ്ഞു.
വീടുകൾ നഷ്ടപ്പെട്ടതിനൊപ്പം പുതിയ സ്ഥലങ്ങളിൽ വോട്ടു ചേർക്കാൻ ഇവർ നൽകിയ അപേക്ഷകൾ പലതും തള്ളിപ്പോയി. ജനുവരിയിലെ കരട് പട്ടികയിൽ പേരുണ്ടായിരുന്ന പലരും ഫെബ്രുവരിയിലെ അന്തിമ പട്ടികയിൽനിന്ന് പുറത്തായി. ഫോം 7 ഉപയോഗിച്ച് പലരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഒരുവിധ മുന്നറിയിപ്പോ ഹിയറിങ്ങോ ഇല്ലാതെയാണെന്ന് ആരോപണമുണ്ട്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആസിഫിന്റെ കുടുംബം നൽകിയ അപേക്ഷകളിൽ പകുതിയോളം തള്ളപ്പെട്ടു. കൃത്യമായ രേഖകൾ ഹാജരാക്കിയിട്ടും അപേക്ഷകൾ നിരസിക്കപ്പെട്ടത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കുന്നില്ല.
ഇതിനിടെ പുതിയ വോട്ടർ ഐഡികൾ നൽകുന്നത് ഭാവിയിൽ തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘ഇപ്പോൾ മുപ്പതോ മുപ്പത്തിയഞ്ചോ വയസ്സുള്ള ഒരാൾക്ക് പുതിയ ഐ.ഡി നൽകുമ്പോൾ ഇതിനു മുമ്പ് അവർ എവിടെയായിരുന്നു എന്ന ചോദ്യം ഉയരാം. അവർ പുറത്തുനിന്ന് വന്നവരാണെന്ന് ആരോപിക്കാൻ ഇത് കാരണമായേക്കാം’ -ഓൾ അസം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂനിയൻ (എ.എ.എം.എസ്.യു) പ്രസിഡന്റ് അഡ്വ. ഇംതിയാസ് ഹുസൈൻ പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ സർക്കാർ നൽകിയ വീടുകൾ പോലും അനധികൃതമെന്ന് പറഞ്ഞ് തകർക്കപ്പെട്ടതായി കുടിയിറക്കപ്പെട്ടവർ പറയുന്നു. മറ്റ് സമുദായങ്ങളുടെ വീടുകൾ തൊട്ടടുത്തുണ്ടായിട്ടും മുസ്‍ലിം കുടുംബങ്ങളെ മാത്രം ലക്ഷ്യം വെച്ചാണ് ഒഴിപ്പിക്കൽ നടന്നതെന്നും ഇവർ ആരോപിക്കുന്നു.
വിഷയത്തിൽ ഗുവാഹത്തി ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. കോടതി സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കാനിരിക്കെ തങ്ങളുടെ മൗലികാവകാശം സംരക്ഷിക്കപ്പെടുമോ എന്ന ആശങ്കയിലാണ് അസമിലെ കുടിയിറക്കപ്പെട്ട മുസ്‍ലിം വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.