ഇന്ത്യയിലും ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം ലക്ഷ്യമിടുന്നുവെന്ന് നേഹ ബോറ; ജെ.എൻ.യു വിദ്യാർഥിനിയുടെ പഴയ വീഡിയോ പുറത്തുവിട്ട് ബി.ജെ.പി
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രക്ഷോഭ മാതൃക ഇന്ത്യയിലും ആവർത്തിക്കുമെന്ന തരത്തിലുള്ള ജെ.എൻ.യു വിദ്യാർഥിനി നേഹ ബോറയുടെ പഴയ വീഡിയോ പുറത്തുവിട്ട് ബിജെപി. ബംഗ്ലാദേശ് നമുക്ക് വഴി കാണിച്ചു തന്നു എന്ന പരാമർശം ഇന്ത്യയിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള തുറന്ന സമ്മതമാണെന്ന് ആരോപിച്ചാണ് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധിയും പ്രതിപക്ഷ നിരയും ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുകയാണെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.നേഹ ബോറയുടെ ഒരു പഴയ അഭിമുഖത്തിലെ ദൃശ്യങ്ങളാണ് ഇപ്പോൾ ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പുറത്തുവിട്ടിരിക്കുന്നത്.
ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പുറത്താകലിലേക്ക് നയിച്ച വിദ്യാർഥി പ്രക്ഷോഭത്തെ ഇന്ത്യയിലെ യുവജനങ്ങൾ മാതൃകയാക്കണമെന്നും, ഡെമോക്രാറ്റിക് വോട്ടർ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ അവർ വഴി കാണിച്ചു തന്നെന്നും നേഹ ബോറ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യയും ബംഗ്ലാദേശും ഒരുപോലെ ജനാധിപത്യ-വോട്ടർ അവകാശങ്ങൾക്കായി പോരാടുകയാണെന്നും, മതതീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇരുരാജ്യങ്ങളിലെയും യുവജനങ്ങൾ ഒന്നിച്ചുനിൽക്കുമെന്നും അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി കോൺഗ്രസിനും രാഹുൽ ഗന്ധിക്കുമെതിരെ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. രാഹുൽ ഗന്ധിയും കൂട്ടരും വെറുമൊരു രാഷ്ട്രീയ പ്രതിരോധമല്ല ലക്ഷ്യമിടുന്നത്, മറിച്ച് ഇന്ത്യയിൽ ഭരണമാറ്റം ആണ് അവരുടെ അജണ്ടയെന്ന് അദ്ദേഹം ആരോപിച്ചു.
ബംഗ്ലാദേശിൽ സംഭവിച്ചതുപോലെ ഇന്ത്യയിലും അട്ടിമറികൾ സൃഷ്ടിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്നും, ഇത് ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനക്കും എതിരെയുള്ള ഗുരുതരമായ വെല്ലുവിളിയാണെന്നും ഭണ്ഡാരി കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് ‘ഇൻഡ്യ’ മുന്നണി നേതാക്കൾ സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിൽ നേഹ ബോറ പങ്കെടുത്തിരുന്നു.
തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ, സമാന്തര സമരങ്ങളെന്നൊന്നുമില്ലെന്നും എല്ലാ സമരങ്ങളും ഒന്നുതന്നെയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കാൻ മുന്നോട്ടുവരുന്ന ആർക്കും തങ്ങൾ പൂർണ പിന്തുണ നൽകുമെന്നും, ഇത് ഇന്ത്യൻ ജനങ്ങളോടുള്ള സ്നേഹത്തിന്റെ പ്രകടനമാണെന്നും രാഹുൽ ഗന്ധി കൂട്ടിച്ചേർത്തു.
ക്യാമ്പസുകളിൽ മൃദുവായ സംസാരശൈലിക്കായി അറിയപ്പെടുമെങ്കിലും മൈക്രോഫോണിന് മുന്നിൽ ആവേശഭരിതമായ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയായ നേഹ ബോറ, സമീപകാലത്ത് ഡൽഹിയിലെ പ്രധാനപ്പെട്ട നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ജൂലൈ മാസത്തിൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരങ്ങളിൽ ഇവർ മുന്നിലുണ്ടായിരുന്നു.
ജന്തർമന്തറിൽ സർക്കാർ നടപടികൾക്കെതിരെ നടന്ന സമരങ്ങളിലെ പ്രസംഗങ്ങൾ ഓൺലൈനിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കിടയിൽ പലതവണ പോലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും, മോചിതയായ ഉടൻ തന്നെ അവർ വീണ്ടും സമരമുഖത്തേക്ക് സജീവമായി തിരിച്ചെത്തി.
ഭയത്തേക്കാൾ ശക്തമാണ് പ്രതീക്ഷയെന്നും, ജനങ്ങൾക്ക് ഇപ്പോൾ സ്വന്തം അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ധൈര്യം ലഭിച്ചിട്ടുണ്ടെന്നുമാണ് പ്രക്ഷോഭങ്ങളെക്കുറിച്ച് നേഹ ബോറ പ്രതികരിച്ചത്. വർഷങ്ങളായി നീറിപ്പുകഞ്ഞ ജനങ്ങളുടെ പ്രതിഷേധങ്ങളുടെ പ്രതിഫലനമാണ് നിലവിലെ സമരങ്ങളെന്നും അവർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.