കൊണാട്ട് പ്ലേസിൽ സി.പി.ഐ യുവജന, വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന തിരങ്ക യാത്ര
മിന്നൽ സമരത്തിന് അയവില്ല; ജന്തർമന്തറായി കൊണാട്ട് പ്ലേസ്
ന്യൂഡൽഹി: ഡൽഹിയുടെ ഹൃദയഭാഗവും പ്രധാന വ്യാപാര കേന്ദ്രവുമായ കൊണാട്ട് പ്ലേസ് (സി.പി) ഇപ്പോൾ രാജ്യതലസ്ഥാനത്തെ എസ്.ഐ.ആർ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സ്ഥിര സമര കേന്ദ്രമായിരുന്ന ജന്തർമന്തർ കൊട്ടിയടച്ചതോടെയാണ് ഒരു കിലോമീറ്ററിൽ അകലെയുള്ള സി.പിയിലേക്ക് പ്രതിഷേധം മാറിയത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മിന്നൽ സമരങ്ങളിൽ മിക്കതും സി.പി കേന്ദ്രീകരിച്ചായിരുന്നു. വ്യാഴാഴ്ച സി.പി.ഐ യുവജന, വിദ്യാർഥി സംഘടനകളായ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ ദേശീയ പതാകയുമായി തിരങ്ക യാത്ര സി.പി സർക്കിളിലൂടെ നടത്തി. കനത്ത മഴ അവഗണിച്ചായിരുന്നു ഏറെ നീളമുള്ള പതാകയുമേന്തിയുള്ള സമരം. വെള്ളിയാഴ്ച സി.ജെ.പി പ്രഖ്യാപിച്ച തിരങ്ക യാത്രയും കൊണാട്ട് പ്ലേസിലാണ് നടക്കുക.
വെള്ളിയാഴ്ചത്തെ പ്രതിഷേധം തടയണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളിയിട്ടുണ്ട്. എന്നാൽ, പ്രതിഷേധം നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
നേരത്തെ, ഡൽഹിയിൽ എന്ത് സമരം നടന്നാലും അത് ജന്തർ മന്തറിൽ ഒതുങ്ങുമായിരുന്നു. ജന്തർമന്തർ അടച്ചതോടെ സമരകേന്ദ്രം സി.പി ആയത് പൊലീസിന് വലിയ തലവേദനയായിട്ടുണ്ട്. നിരവധി പ്രധാന റോഡുകൾ എത്തിച്ചേരുന്ന വലിയൊരു സർക്കിൾ ആയതിനാലും യെല്ലോ, ബ്ലൂ ലൈൻ മെട്രോകൾ ബന്ധിപ്പിക്കുന്ന ജങ്ഷൻ ആയതിനാലും ആളുകൾക്ക് എത്തിച്ചേരാൻ എളുപ്പമാണ്.
സമരക്കാർക്കുനേരെ പൊലീസ് നടത്തിയ അതിക്രമങ്ങൾ കൂടുതലും ഈ മേഖലയിൽ നിന്നായിരുന്നു. കേട്ടുകേൾവിയില്ലാത്ത രീതിയിലായിരുന്നു ജോൺ ബ്രിട്ടാസ് അടക്കമുള്ള ജനപ്രതിനിധികളെ പൊലീസ് നേരിട്ടത്.
രണ്ടുപേർ ഒന്നിച്ചു കൂടിയപ്പോഴേക്കും പിടിച്ച് കസ്റ്റഡിയിലെടുത്തു. മലയാളികളടക്കം നിരവധി മാധ്യമപ്രവർത്തകരും ഇവിടെ നിന്ന് കസ്റ്റഡിയിലായി. ആയിരങ്ങളെ പങ്കെടുപ്പിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സുപ്രീംകോടതി മാർച്ച് സി.പിയിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അതിക്രമത്തിന് കുറവുണ്ടായത്. ജന്തർ മന്തറിലെ വിലക്ക് നീക്കാത്തിടത്തോളം കാലം കൊണാട്ട് പ്ലേസ് സമരച്ചൂടിൽ നിന്ന് മോചിതമാകാൻ സാധ്യതയില്ല.
സി.ജെ.പി ‘ലെഹ്രാ ദോ തിരങ്ക’ക്ക് മുംബൈയിൽ അനുമതി
മുംബൈ: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ ‘ലെഹ്രാ ദോ തിരങ്ക’ (ത്രിവർണപതാക പറപ്പിക്കൽ) റാലിക്ക് അനുമതി നൽകി മുംബൈ പൊലീസ്. സമര കേന്ദ്രമായ ആസാദ് മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് അനുമതി.
ഡൽഹിയിലെ ജന്തർമന്തറിൽ കടന്ന് ത്രിവർണ പതാക പാറിച്ചതിന് സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചാണ് സിജെ.പി ‘ലെഹ്രാ ദോ തിരങ്ക’ പ്രഖ്യാപിച്ചത്. ഡൽഹിയിൽ എത്താൻ കഴിയാത്തവരോട് അവരവരുടെ ദേശത്ത് പ്രതിഷേധ റാലി നടത്താൻ സംഘടന സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.