ബംഗാൾ ചീഫ് സെക്രട്ടറിക്കെതിരെയുള്ള 'വോട്ട് ചോർ' പോസ്റ്റ്; മഹുവ മൊയ്ത്രയുടെ പോസ്റ്റ് നീക്കം ചെയ്യാൻ ഉത്തരവ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി മനോജ് കുമാർ അഗർവാളിനെതിരെയുള്ള രണ്ട് എക്സ് പോസ്റ്റുകൾ പിൻവലിക്കാൻ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയോട് ഉത്തരവിട്ട് കൊൽക്കത്തയിലെ അലിപൂർ കോടതി. ഒക്ടോബർ മൂന്ന്, ഒക്ടോബർ ആറ് എന്നീ തീയതികളിൽ അഗർവാളിനെ 'വോട്ട് ചോർ' എന്ന് വിളിച്ച് മഹുവ മൊയ്ത്ര പോസ്റ്റ് ചെയ്തിരുന്നു. ഇത് 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് നിർദേശം.

അഗർവാളിനെതിരെ ഇനി ഇത്തരം പരാമർശങ്ങൾ നടത്തുന്നതും പങ്കുവെക്കുന്നതും, റീപോസ്റ്റ് ചെയ്യുന്നതും കോടതി വിലക്കിയിട്ടുണ്ട്. അഗർവാൾ "എല്ലാ നിയമവിരുദ്ധതയും ചെയ്തു", "വോട്ടർമാരെ ഒഴിവാക്കിയതിന് ഉത്തരവാദി", "മാലിക്കിന്റെ (ഉടമസ്ഥന്റെ) നിർദ്ദേശപ്രകാരം പ്രവർത്തിച്ചു" തുടങ്ങിയ പരാമർശങ്ങൾ ഇനി ആവർത്തിക്കരുത് എന്നും കോടതി ഉത്തരവിട്ടു.

കോടതി വിധിയിൽ പ്രതികരിച്ച് മൊയ്ത്ര രംഗത്തെത്തി. "വോട്ട് ചോറിനെ വോട്ട് ചോർ എന്ന് വിളിക്കാനുള്ള എന്റെ അവകാശം ഉറപ്പിക്കാൻ ഞാൻ ഒരു വെക്കേറ്റിങ് അപേക്ഷ ഫയൽ ചെയ്യുമെന്ന്" എം.പി എക്‌സിൽ കുറിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കണക്കുന്നതിനിടെയായായിരുന്നു മൊയ്ത്ര അഗർവാളിനെ വോട്ട് ചോർ എന്ന് വിളിച്ച് പോസ്റ്റ് പങ്കുവെച്ചത്. "ബംഗാൾ എസ്.ഐ.ആറിന്റെ ഏറ്റവും വലിയ 2 ശിൽപികൾ - ഭൂമിയിലെ എല്ലാ നിയമവിരുദ്ധതയും ചെയ്തു. സുബ്രത കാക്കുവും മനോജ് അങ്കിളും സൂക്ഷിച്ചോ. ഇന്ത്യ നിങ്ങൾക്ക് പിന്നാലെ വരുന്നു. ബച്ച് നഹി പാവോഗെ (രക്ഷപ്പെടില്ല)," എന്നായിരുന്നു മൊയ്ത്ര ഒക്ടോബർ മൂന്നിന് പോസ്റ്റ് ചെയ്തത്.

"പശ്ചിമ ബംഗാൾ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാൾ ഒരു വോട്ട് ചോറാണ്. സത്യം പറയുമ്പോൾ അത് അപകീർത്തിപ്പെടുത്തലല്ല. തന്റെ മാലിക്ക് ഗ്യാനുവിനെ പോലെ മനോജും ഒരു വോട്ട് ചോറാണ്. ലക്ഷക്കണക്കിന് സാധുവായ ബംഗാളി വോട്ടർമാരെ നിയമവിരുദ്ധമായി വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കിയതിന് അദ്ദേഹം മാത്രമാണ് ഉത്തരവാദി." എന്നായിരുന്നു മൊയ്ത്രയുടെ രണ്ടാമത്തെ പോസ്റ്റ്. ഇതിനെതിരെ അഗർവാൾ കോടതിയെ സമീപിക്കുകയായിരുന്നു.

2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ നടപ്പിലാക്കിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) വോട്ടർമാരെ വലിയ തോതിൽ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആ സമയത്ത് അഗർവാൾ ആയിരുന്നു ബംഗാളിലെ ചീഫ് ഇലക്ടറൽ ഓഫീസർ. വലിയ തോതിൽ വോട്ടർമാരെ ഒഴിവാക്കിയതിൽ വ്യാപക വിമർശനമുയർന്നിരുന്നു. 

Tags:    
News Summary - Kolkata court directs AITC MP Mahua Moitra to delete her “vote chor” X-posts against WB chief secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.