മസ്ജിദുകൾ ചൂണ്ടിക്കാട്ടി ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിക്കരുത്; തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: റൂട്ട് മാർച്ചുകൾക്ക് അനുമതി നിഷേധിക്കാൻ വഴിയിൽ മസ്ജിദുകളുണ്ടെന്ന കാരണം ചൂണ്ടിക്കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയെന്ന രീതിയിൽ കാര്യങ്ങൾ ചിത്രീകരിച്ച് അവർക്ക് ചീത്തപ്പേരുണ്ടാക്കരുതെന്നും തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ആർ.എസ്.എസ് നോർത്ത് തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്റെ സുപ്രധാന നിരീക്ഷണങ്ങൾ.
ഹർജിയിൽ അനുമതി നിഷേധിക്കാൻ സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ച കാരണങ്ങളിൽ റൂട്ട് മാർച്ച് പോകുന്ന വഴിയിൽ മസ്ജിദുകളും ഈദ്ഗാഹുകളും ഉണ്ടെന്ന വാദമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ എതിർപ്പാണ് കോടതി പ്രകടിപ്പിച്ചത്. ‘ റമദാനിലും ബക്രീദിലുമാണ് ഈദ്ഗാഹുകൾ. അവിടെ ഒത്തുകൂടാനും പ്രാർഥിക്കാനുമാണ്.
എന്നാൽ ഒക്ടോബറിൽ മുസ്ലിംകൾ റമദാൻ ആഘോഷിക്കുമെന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങൾ മുസ്ലിംകൾക്ക് ചീത്തപ്പേരുണ്ടാക്കുകയാണ്’ എന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ഹർജിക്കാർ നടത്തുന്ന ഘോഷയാത്രയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രശ്നങ്ങളുണ്ടെന്ന മട്ടിൽ പൊലീസ് അധികാരികൾ പരാമർശിക്കുന്നത് വേദനാജനകമാണെന്നും കോടതി ഉത്തരവിൽ രേഖപ്പെടുത്തി.
പൗരന്മാരുടെ അവകാശങ്ങൾ പൊലീസിന്റെ ഔദാര്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ‘പ്രശ്നം എന്തെന്നാൽ, നിങ്ങൾ (സർക്കാർ) എല്ലാ കാര്യങ്ങളും പൊലീസിന് അടിയറവെക്കുകകയാണ്. പൗരന്മാരുടെ അവകാശങ്ങൾ പൊലീസിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടുകൊടുക്കാനാവില്ല’ എന്നും കോടതി വാക്കാൽ വ്യക്തമാക്കി.
തീവ്രവാദ ബാധിത പ്രദേശമായ ജമ്മു കശ്മീരിൽ പോലും ആർ.എസ്.എസിന് റൂട്ട് മാർച്ചിന് അനുമതി നൽകുമ്പോൾ തമിഴ്നാട്ടിൽ എന്തുകൊണ്ട് അനുമതി നിഷേധിക്കുന്നുവെന്ന് കോടതി മുൻദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. സമാധാനപരമായ പരിഹാരം കാണാൻ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ജോൺ സത്യനുമായി ചർച്ച നടത്താൻ നിർദ്ദേശിച്ചെങ്കിലും ഇന്നലെ നടന്ന ചർച്ച പരാജയപ്പെടുകയായിരുന്നു.
മുൻകാല നിയമ നടപടികളിൽ ജസ്റ്റിസ് ജി. ജയചന്ദ്രൻ ഇത്തരം അനാവശ്യ വ്യവഹാരങ്ങൾ ഒഴിവാക്കാൻ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നതായി കോടതി ചൂണ്ടിക്കാണിച്ചു.
മസ്ജിദുകൾ, പള്ളികൾ, ഗതാഗതക്കുരുക്ക്, എതിർ ആശയക്കാരുടെ സാന്നിധ്യം തുടങ്ങിയ കാരണങ്ങൾ അനുമതി നിഷേധിക്കാൻ ചൂണ്ടിക്കാണിക്കരുതെന്ന് അന്ന് വ്യക്തമാക്കിയിരുന്നതാണ്. ഈ കാരണങ്ങളെ അന്നത്തെ ജഡ്ജി ‘തട്ടിക്കൂട്ട് കാരണങ്ങൾ’ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ, അതെല്ലാം അവഗണിച്ച് വീണ്ടും അതേ കാരണങ്ങൾ തന്നെ പൊലീസും സർക്കാരും ആവർത്തിക്കുകയാണെന്ന് കോടതി വിമർശിച്ചു.
ഹർജിക്കാർ മാർച്ച് നടത്താൻ ഉദ്ദേശിക്കുന്ന റൂട്ടുകളുടെ പട്ടിക, ചുമതലയുള്ള വ്യക്തികളുടെ വിവരങ്ങൾ, പങ്കെടുക്കുന്നവരുടെ വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. കോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കുമെന്ന് ഹർജിക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. കൂടാതെ, ഈ സത്യവാങ്മൂലം ലഭിക്കുന്ന മുറക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പിയിൽ നിന്ന് നിർദ്ദേശങ്ങൾ തേടാൻ അഡ്വക്കേറ്റ് ജനറലിനോടും കോടതി ആവശ്യപ്പെട്ടു. കേസിന്റെ വാദം നാളത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.