മുഹമ്മദ് നിസാമുദ്ദീൻ

‘എന്‍റെ ഭക്ഷണത്തിലും വിഷം കലർത്തി; കോർപ്പറേറ്റ് സ്വേച്ഛാധിപതികളുടെ അടിച്ചമർത്തൽ അവസാനിപ്പിക്കണം’

വാഷിങ്ടൺ: ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമം നടന്നുവെന്ന സൂചന നൽകി കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ ടെക്കിയുടെ അവസാന ലിങ്ക്ഡ് ഇൻ പോസ്റ്റ്. ജോലിസ്ഥലത്തും റൂംമേറ്റുകളുടെ ഇടയിലും വംശീയ അധിക്ഷേപങ്ങൾ നേരിട്ടുവെന്ന തരത്തിലുളളതാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലുളളത്. വംശീയ വിദ്വേഷത്തിനും വിവേചനത്തിനും പീഡനത്തിനും താൻ ഇരയായതായും നിസാമുദ്ദീൻ കുറിച്ചിട്ടുണ്ട്. അമേരിക്കൻ വംശീയ മാനസികാവസ്ഥയും കോർപ്പറേറ്റ് സ്വേച്ഛാധിപതികളുടെ അടിച്ചമർത്തലും അവസാനിപ്പിക്കണമെന്നും അതിൽ ഉൾപ്പെട്ട എല്ലാവർക്കും കഠിനമായ ശിക്ഷ നൽകണമെന്ന് ലോകത്തോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം അവസാനമായി പറഞ്ഞു.

തെലങ്കാനയിലെ മഹബൂബ് നഗറിൽ നിന്നുളള 30 കാരനായ മുഹമ്മദ് നിസാമുദ്ദീനെ സെപ്തംബർ 3നാണ് കാലിഫോർണിയ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. മരണത്തിന് ആഴ്ചകൾക്ക് മുമ്പ് ജോലിസ്ഥലത്തും താമസസ്ഥലത്തും വംശീയമായ വിവേചനങ്ങൾ നേരിട്ടതായി അദ്ദേഹത്തിന്‍റെ കുടുംബം ആരോപിക്കുന്നു. ആഴ്ചയിൽ ഒന്നോ, രണ്ടോ തവണ വിഡിയോ കോളുകൾ ചെയ്യുമായിരുന്നുവെന്നും റൂംമേറ്റുകളുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ ദിവസങ്ങളോളം അസ്വസ്ഥനായിരുന്നുവെന്നും കുടുംബം പറയുകയുണ്ടായി.

2015 ഡിസംബറിലാണ് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ് കോഴ്‌സിനായി നിസാമുദ്ദീൻ യു.എസിലേക്ക് പോയത്. 2017ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് അത് പൂർത്തിയാക്കി. പിന്നീട് അടുത്തിടെ മഹ്ബൂബ്‌നഗറിലെ ജയപ്രകാശ് നാരായൺ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ഇ.സി.ഇയിൽ ബി.ടെക്കും പൂർത്തിയാക്കി. തുടർന്ന്, കാലിഫോർണിയയിൽ സോഫ്റ്റ്​വെയർ എൻജിനീയറായി ജോലി നോക്കി. അവിടെനിന്ന് വംശീയ വിവേചനവും പീഡനവും നേരിട്ടിരുന്നുവെന്നും തുടർന്ന് ആ ജോലി ഉപേക്ഷിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു. സാന്ത ക്ലാര പൊലീസാണ് ഇയാളെ വെടിവെച്ച് കൊന്നതെന്നും മകന്റെ സുഹൃത്തിന്റെ പിതാവിൽ നിന്നാണ് മരണവിവരം ആദ്യം അറിയുന്നതെന്നും പിതാവ് ഹസ്നുദ്ദീൻ പറയുന്നു.

നിസാമുദ്ദീന്റെ പോസ്റ്റിന്റെ പൂർണ രൂപം: ‘വംശീയ വിദ്വേഷം, വംശീയ വിവേചനം, പീഡനം, വേതന വഞ്ചന, തെറ്റായ പിരിച്ചുവിടൽ, നീതി തടസ്സപ്പെടുത്തൽ എന്നിവക്ക് ഞാൻ ഇരയാക്കപ്പെട്ടു. ഇന്ന് എല്ലാത്തിനുമെതിരെ ശബ്ദമുയർത്താൻ ഞാൻ തീരുമാനിച്ചു. മതി, വെള്ളക്കാരുടെ മേധാവിത്വം /വെളുത്ത അമേരിക്കൻ വംശീയ മാനസികാവസ്ഥ അവസാനിപ്പിക്കണം. കോർപ്പറേറ്റ് സ്വേച്ഛാധിപതികളുടെ അടിച്ചമർത്തൽ അവസാനിപ്പിക്കണം. അതിൽ ഉൾപ്പെട്ട എല്ലാവർക്കും കഠിനമായ ശിക്ഷ നൽകണം. ഞാൻ ധാരാളം ശത്രുതയും മോശം പരിസ്ഥിതി, വംശീയ വിവേചനം, വംശീയ പീഡനം എന്നിവ നേരിട്ടിട്ടുണ്ട്. അതിനുപുറമെ കമ്പനി ശമ്പള തട്ടിപ്പ് നടത്തി. എനിക്ക് ന്യായമായ ശമ്പളം ലഭിച്ചില്ല. വേതന നിലവാരത്തിന് അനുസൃതമായിട്ടല്ല അതവർ തന്നത്. അവർ എന്റെ ജോലി തെറ്റായ രീതിയിലൂടെ അവസാനിപ്പിച്ചു. അത് അവിടെയും അവസാനിച്ചില്ല. ഒരു വംശീയവാദിയായ ഡിറ്റക്ടീവിന്റെയും സംഘത്തിന്റെയും സഹായത്തോടെ അവർ അവരുടെ പീഡനവും വിവേചനവും ഭീഷണിപ്പെടുത്തുന്ന പെരുമാറ്റവും തുടർന്നു. അടുത്തിടെ സ്ഥിതി കൂടുതൽ വഷളായി. എന്റെ ഭക്ഷണത്തിൽ വിഷം കലർത്തി. അനീതിക്കെതിരെ പോരാടിയതിന് ഇപ്പോൾ എന്നെ എന്റെ നിലവിലെ വസതിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. സഹപ്രവർത്തകർ, തൊഴിലുടമ, ക്ലയന്റ്, ഡിറ്റക്ടീവ്, അവരുടെ സമൂഹം എന്നിവരാണ് പ്രധാന അക്രമികൾ. നിലവിലെ കുഴപ്പങ്ങൾക്ക് പിന്നിൽ ഞാനല്ല. കുഴപ്പക്കാരും അടിച്ചമർത്തുന്നവരുമാണ്. ഇന്ന് എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. നാളെ ആർക്കും സംഭവിക്കാം. അതിനാൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ അടിച്ചമർത്തലിനും തെറ്റുകൾക്കും എതിരെ നീതി ആവശ്യപ്പെടുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ ഞാൻ ലോകത്തോട് അഭ്യർഥിക്കുന്നു. ഞാൻ ഒരു വിശുദ്ധനല്ലെന്ന് എനിക്ക് പൂർണ്ണമായി മനസ്സിലായി. പക്ഷേ അവർ ഒരു ദൈവമല്ലെന്ന് അവർ മനസ്സിലാക്കേണ്ടതുണ്ട്. ബാക്കിയുള്ള ഫയലുകൾ മറ്റൊരു പോസ്റ്റിൽ ഞാൻ അപ്‌ലോഡ് ചെയ്യും.’’

Tags:    
News Summary - they poisoned my food too....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.