കിഷോര്‍ രാകേഷ്, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്
ന്യൂഡല്‍ഹി: കോടതി മുറിയിൽ തനിക്കെതിരെ ഷൂ എറിഞ്ഞ അഭിഭാഷകൻറെ നടപടിയിൽ പ്രകോപിതനാവാതെ പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. സംഭവത്തിന് പിന്നാലെ, നടന്നത് അവഗണിക്കാനും വാദം തുടരാനും അദ്ദേഹം അഭിഭാഷകരോട് നിർദേശിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ അഭിഭാഷകര്‍ കേസുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തിയ കിഷോര്‍ രാകേഷ് എന്ന അഭിഭാഷകൻ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി. ‘സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ ഒരിക്കലും സഹിക്കില്ല’ എന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ആക്രമണത്തിനിടെയും കൂസലില്ലാതെ തുടർന്ന ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് വാദങ്ങള്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ‘ഇതൊന്നും കണ്ട് ശ്രദ്ധ മാറരുത്. ഞങ്ങളുടെ ശ്രദ്ധ മാറിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കില്ല’-അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസിനെ ലക്ഷ്യം വച്ചതിന് പിന്നിലെ ഉദ്ദേശ്യം സംബന്ധിച്ച് ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. സുപ്രീം കോടതി അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും നല്‍കുന്ന ‘പ്രോക്സിമിറ്റി കാര്‍ഡ്’ അക്രമിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സുപ്രീംകോടതി ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകനാണ് കിഷോര്‍ രാകേഷ് എന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
ഖജുരാഹോയിലെ മഹാവിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് നടത്തിയ പരാമര്‍ശങ്ങളിൽ അഭിഭാഷകന് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇയാൾ നിലവിൽ മൊഴി നൽകിയിട്ടുള്ളത്.
ഹരജി തള്ളി ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചർച്ചയായിരുന്നു.
‘ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. നിങ്ങള്‍ മഹാവിഷ്ണുവിന്റെ ഉറച്ച ഭക്തനാണെന്ന് പറയുന്നുണ്ടല്ലോ. അതുകൊണ്ട് പോയി പ്രാര്‍ത്ഥിക്കൂ. അതൊരു പുരാവസ്തു സ്ഥലമാണ്, വിഗ്രഹം പുനഃസ്ഥാപിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) അനുമതിയൊക്കെ ആവശ്യമാണ്,’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ.
പരാമർശം സമൂഹമാധ്യമങ്ങളിലടക്കം സജീവ ചർച്ചയായതോടെ താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. വിവാദം സാമൂഹിക മാധ്യമങ്ങളിലാണ്’- ഗവായ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.