‘യുവാക്കളുടെ ഭാവി കവർന്നെടുക്കുന്നു’; മഹാരാഷ്ട്ര ടെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ മാറ്റിവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെയും മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാറിനെയും വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച യുവാക്കളുടെ ഭാവി കവർന്നെടുക്കുന്നതിന് തുല്യമാണെന്നും രാജ്യത്തെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനം ‘കൊള്ളയടിക്കാനുള്ള സംവിധാനമായി’ മാറിയെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

‘വീണ്ടും ഒരു ചോദ്യപേപ്പർ ചോർച്ച. വീണ്ടും ഒരു പരീക്ഷ റദ്ദാക്കി. ഇത്തവണ മഹാരാഷ്ട്രയിലെ ടെറ്റ്. രാജ്യത്തെ വിദ്യാഭ്യാസ - പരീക്ഷ സംവിധാനം കൊള്ളയടിക്കാനുള്ള സംവിധാനമായി മാറ്റിയിരിക്കുന്നു. ഇത് രാജ്യത്തെ ഓരോ യുവാക്കളെയും അരക്ഷിതരാക്കി. ഇത് വെറുമൊരു ചോദ്യപേപ്പർ ചോർച്ചയല്ല. യുവാക്കളുടെ ഭാവിയെ കൊള്ളയടിക്കലാണ്’ -രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

രാജ്യത്ത് സമീപകാലത്ത് വിവിധ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ ഉയരുന്നതിനിടെയാണ് മഹാരാഷ്ട്ര ടെറ്റിലും സമാന ആരോപണം ഉയർന്നത്. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടത്തിയ പരീക്ഷ റദ്ദാക്കുകയും എൻ.ടി.എ ജൂൺ 21ന് നീറ്റ് യു.ജി പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു.

മഹാരാഷ്ട്ര ടെറ്റ് പരീക്ഷ ജൂൺ 28ന് നടക്കാനിരിക്കെയാണ് താനെ ജില്ലയിലെ ഭീവണ്ടിയിൽ നടത്തിയ പൊലീസ് റെയ്ഡിൽ ചോദ്യപേപ്പറുമായി സാമ്യമുള്ള രേഖകൾ കണ്ടെത്തിയത്. തുടർന്ന് പരീക്ഷ മാറ്റിവെക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

പിടിച്ചെടുത്ത മെറ്റീരിയൽ യഥാർഥ ടെറ്റ് ചോദ്യപേപ്പറാണോ അതോ മോക്ക് ടെസ്റ്റ് പേപ്പറാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പിടിച്ചെടുത്ത ചോദ്യങ്ങൾ യഥാർഥ ടെറ്റ് ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നതാണെന്ന സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലെ ശൃംഖലയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും സമഗ്ര അന്വേഷണം നടത്തുന്നതിനുമായി പരീക്ഷ മാറ്റിവെച്ചതാണെന്ന് എം.എസ്.സി.ഇ വ്യക്തമാക്കിയിരുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും, പരീക്ഷാർഥികൾക്ക് ആവശ്യമായ തുടർ നിർദേശങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും കൗൺസിൽ അറിയിച്ചു. ഏകദേശം 4.28 ലക്ഷം ഉദ്യോഗാർഥികളെയാണ് പരീക്ഷ മാറ്റിവെച്ചത് ബാധിച്ചിരിക്കുന്നത്.

Tags:    
News Summary - Theft of youths future Rahul Gandhi on Maharashtra TET 2026 paper leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.