ന്യൂഡൽഹി: ബംഗളൂരുവിലും ഡൽഹിയിലുമായി അരങ്ങേറിയ ഭരണ-പ്രതിപക്ഷ ശക്തിപ്രകടനത്തോടെ ദേശീയ രാഷ്ട്രീയത്തിൽ മുഴങ്ങിയത് തെരഞ്ഞെടുപ്പു പോരിന്റെ കാഹളം. വ്യാഴാഴ്ച തുടങ്ങുന്ന മഴക്കാല പാർലമെന്റ് സമ്മേളനത്തിൽ സർക്കാറിനെ കാത്തിരിക്കുന്നത് ഐക്യ പ്രതിപക്ഷത്തിന്റെ കൂട്ടായ ആക്രമണം. വീണ്ടും മോദിഭരണമെന്ന മുൻവിധി വിട്ട് ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷ ഐക്യത്തോടെ കടുത്ത പോരാട്ടത്തിന്റേതായി.
പ്രതിപക്ഷത്തിന്റെ ഐക്യ ശ്രമങ്ങളെ പരിഹാസത്തോടെ ഇതുവരെ കണ്ട ബി.ജെ.പി നേതൃത്വം കാഴ്ചപ്പാട് മാറ്റി. ബംഗളൂരുവിൽ പ്രതിപക്ഷം യോഗം വിളിച്ച അതേ ദിവസം ഡൽഹിയിൽ കഴിയാവുന്നത്ര ചെറുപാർട്ടികളെ വിളിച്ചുവരുത്തി ഭരണപക്ഷ ഐക്യപ്രകടനം നടത്തിയത് ശ്രദ്ധതിരിക്കൽ തന്ത്രം മാത്രമല്ല. ബി.ജെ.പി നേതൃത്വത്തിന്റെ കടുത്ത അസ്വസ്ഥതകൂടിയാണ് അത് വെളിവാക്കിയത്.
ബി.ജെ.പിയുടെ കരുത്ത് ഒഴിച്ചുനിർത്തിയാൽ, ഭരണ-പ്രതിപക്ഷ ശക്തിപ്രകടനം യഥാർഥത്തിൽ എൻ.ഡി.എയുടെ ദുരവസ്ഥയാണ് വെളിവാക്കുന്നത്. ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയ 38 പാർട്ടി നേതാക്കളിൽ 30നും പാർലമെന്റിൽ പ്രാതിനിധ്യമില്ല. എൻ.ഡി.എയിൽ ബി.ജെ.പിയുടെ ഏറ്റവും വലിയ സഖ്യകക്ഷി ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാര പ്രശ്നത്തിൽ കുരുങ്ങിയ ശിവസേന-ഷിൻഡെ വിഭാഗമാണ്. ശരദ് പവാറിന്റെ എൻ.സി.പിയിൽനിന്ന് ഇറങ്ങിപ്പോയ അജിത് പവാറും സംഘവുമാണ് മറ്റൊന്ന്. ഇപ്പോൾ അവർക്കൊപ്പം എം.എൽ.എമാർ എത്രയാണെങ്കിലും അണികൾ ബഹുഭൂരിപക്ഷവും ശരദ്പവാറിനും ഉദ്ധവ് താക്കറെക്കും ഒപ്പമാണ്. പഴയകാല എൻ.ഡി.എയിൽനിന്ന് വ്യത്യസ്തമായൊരു ചീട്ടുകൊട്ടാരമായാണ് 38 പാർട്ടികളുടെ സഖ്യത്തെ കാണാനാവുക. അതിന്റെ നേതാക്കളെ വിളിച്ചു കൂട്ടിയതാകട്ടെ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരമൂല്യം പലകാരണങ്ങളാൽ ഇടിഞ്ഞുനിൽക്കുന്നതിനിടയിലാണ് പ്രതിപക്ഷ മുന്നേറ്റം. സീറ്റ് പങ്കിടൽ വേളയിലാണ് ‘ഇന്ത്യ’യെന്ന പ്രതിപക്ഷ കൂട്ടായ്മയുടെ ശക്തി-ദൗർബല്യങ്ങൾ മാറ്റുരക്കുക. എന്നാൽ, വീണ്ടുമൊരിക്കൽകൂടി മോദിഭരണം വന്നാൽ വേട്ടയാടലിലൂടെ സർവനാശമെന്ന തിരിച്ചറിവാണ് പ്രതിപക്ഷത്തെ ഐക്യദാഹത്തിന്റെ മൂലകാരണം.
പരസ്പരം പൊരുത്തപ്പെടാൻ പ്രയാസമെന്നു കരുതിയ പ്രതിപക്ഷത്തെ കരുത്തരാണ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് വികസനവും ഉൾച്ചേർക്കലും പേരിൽത്തന്നെ ഉൾപ്പെടുത്തി ‘ഇന്ത്യ’യെന്ന സഖ്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പു ധാരണ, പൊതു നിലപാട് തുടങ്ങിയ പദപ്രയോഗങ്ങൾ വിട്ട് ‘ഇന്ത്യ’യെന്ന ചുരുക്കപ്പേരിൽ ‘സഖ്യം’ എന്ന വാക്കുതന്നെ ഉൾപ്പെടുത്തി മുന്നോട്ടുപോകാൻ തീരുമാനിച്ചത് ശ്രദ്ധേയം. ദേശീയ-സംസ്ഥാന തലങ്ങളിൽ ‘ഇന്ത്യ’ സഖ്യത്തിന് മണ്ഡലം തോറും പൊതു സ്ഥാനാർഥിയെ നിശ്ചയിക്കുമെന്ന് ഇതിനർഥമില്ല. ബി.ജെ.പിക്കും മോദിഭരണത്തിനുമെതിരെ പൊതുനിലപാടും പോരാട്ടവും ഉയർത്തുന്നതിനൊപ്പം, കഴിയാവുന്നത്ര മണ്ഡലങ്ങളിൽ പൊതുസ്ഥാനാർഥിയെ നിർത്താൻ ശ്രമം ഉണ്ടാവും.
ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾക്ക് അനുസരിച്ച് അതാതിടത്തെ ഇന്ത്യ സഖ്യകക്ഷികൾ മുന്നോട്ടു നീങ്ങും. ബംഗളൂരു യോഗത്തിന് പിന്നാലെ സംസ്ഥാനതല ചർച്ചകളിലേക്ക് കടക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. പശ്ചിമ ബംഗാൾ, ഡൽഹി, കേരളം തുടങ്ങി പ്രതിപക്ഷ പാർട്ടികൾ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥലങ്ങളിൽ സഖ്യം സാധ്യമാവില്ല. എന്നാൽ, എല്ലായിടത്തും ബി.ജെ.പിയെ ഒന്നാം നമ്പർ ശത്രുവായി കണ്ട് നീക്കുപോക്കുകൾ ഉണ്ടാക്കും. ബംഗളൂരുവിൽ പ്രഖ്യാപിച്ച 11 അംഗ ഏകോപന സമിതി ഇതിന് ചുക്കാൻ പിടിക്കും.
പ്രധാനമന്ത്രിസ്ഥാനത്തിന് അവകാശവാദമൊന്നുമില്ല, ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് പ്രധാനമെന്നാണ് കോൺഗ്രസ് നിലപാട്. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, സി.പി.എം, ആം ആദ്മി പാർട്ടി, ശിവസേന, സമാജ്വാദി പാർട്ടി തുടങ്ങിയവ പൊതുലക്ഷ്യത്തിൽ ഒന്നിക്കുകയും ചെയ്യുമ്പോൾ ബി.ജെ.പിക്കു മറികടക്കേണ്ട കടമ്പകൾക്ക് പൊക്കം കൂടുകയാണ്. 38 കക്ഷികൾ ഒപ്പമുണ്ടെന്നല്ലാതെ, കാര്യമായ വോട്ടുമൂല്യം ബി.ജെ.പിക്ക് കിട്ടാനുമില്ല. മൂന്നാമൂഴം ഉന്നമിടുന്ന ബി.ജെ.പി ഇനിയങ്ങോട്ട് ധ്രുവീകരണ അജണ്ടകൾ ശക്തമാക്കുന്നതിനൊപ്പം, പരമാവധി സഖ്യകക്ഷികളെ സമ്പാദിക്കാനും പ്രതിപക്ഷ പാർട്ടികൾക്കുള്ളിൽ പിളർപ്പുണ്ടാക്കാനും വഴിതേടിയെന്നു വരും.
ബംഗളൂരു: ‘ഇന്ത്യ’ എന്ന പേരിൽ രൂപവത്കരിച്ച രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന്റെ ലക്ഷ്യം അധികാരം പിടിക്കലല്ലെന്നും രാജ്യത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിൽ രണ്ടുദിവസങ്ങളിലായി നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനുശേഷം ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയഭീതിയിലാണ്ടിരിക്കയാണ്. സഖ്യകക്ഷികളെ ഒട്ടും പരിഗണിക്കാതെ അധികാരത്തിലെത്തിയശേഷം അവരെ വലിച്ചെറിയുകയാണ് ബി.ജെ.പി രീതി. ഇപ്പോൾ പഴയ കക്ഷികളുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് അവരെന്നും കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
‘ഒന്നിച്ചു പ്രവർത്തിക്കാനായി 26 പാർട്ടികൾ ബംഗളൂരുവിൽ യോഗം ചേർന്നതിന് വൻപ്രാധാന്യമുണ്ട്. യോഗത്തിൽ പങ്കെടുത്തവരിൽ 11 സംസ്ഥാനങ്ങളിൽ ഭരണം നിയന്ത്രിക്കുന്നവരുണ്ട്. ബി.ജെ.പിക്ക് ഒറ്റക്ക് കിട്ടിയതല്ല നിലവിൽ അവരുടെ 303 സീറ്റുകൾ. സഖ്യകക്ഷികളുടെ വോട്ടുകളും അവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, ഭരണം കിട്ടിയശേഷം ഒപ്പമുള്ള കക്ഷികളെ തഴയുകയാണ് ബി.ജെ.പി ചെയ്തത്.
ഇപ്പോൾ ബി.ജെ.പി പ്രസിഡന്റും അവരുടെ നേതാക്കന്മാരും ആധിപിടിച്ച് സംസ്ഥാനങ്ങൾ തോറും പായുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ അവർ പരാജയഭീതിയിലാണെന്നും ഖാർഗെ പരിഹസിച്ചു. ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിച്ച് നമുക്കൊരുമിച്ച് ഇന്ത്യയെ വീണ്ടും പുരോഗതിയുടെയും ക്ഷേമത്തിന്റെയും ജനാധിപത്യത്തിന്റെയും വഴികളിലേക്ക് നയിക്കാമെന്നും ഇതിനായാണ് പുതിയ സഖ്യമെന്നും ഖാർഗെ പറഞ്ഞു.
മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ശരദ് പവാർ, ലാലുപ്രസാദ് യാദവ്, അഖിലേഷ് യാദവ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, തേജസ്വി യാദവ്, മഹ്ബൂബ മുഫ്തി, ലാലുപ്രസാദ് യാദവ്, ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി, ഡി. രാജ, ഉമർ അബ്ദുല്ല.മുഖ്യമന്ത്രിമാർ: മമത ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, നിതീഷ് കുമാർ, ഹേമന്ദ് സോറൻ, സിദ്ധരാമയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.