ന്യൂഡൽഹി: ഏറെ വിവാദമായ ഏക സിവിൽ കോഡിന്റെ കരട് റിപ്പോർട്ട് വിദഗ്ധ സമിതി ജൂലൈ 15ന് ഉത്തരാഖണ്ഡ് സർക്കാറിന് കൈമാറും. റിട്ട. ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷയായ വിദഗ്ധ സമിതിയാണ് കരട് റിപ്പോർട്ട് കൈമാറുക. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളുമായി ബന്ധപ്പെട്ട രേഖകളും അനുബന്ധങ്ങളും ശിപാർശ പ്രകാരം കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഈ രേഖകളും റിപ്പോർട്ടിന്റെ ഭാഗമാകും.
കരട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി വിദഗ്ധ സമിതിയുടെ യോഗം നാളെ ഡൽഹിയിൽ ചേരും. കൂടാതെ, ജസ്റ്റിസ് രഞ്ജന ദേശായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും. കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവുമാദ്യം സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങുന്ന ഉത്തരാഖണ്ഡിൽ ആദിവാസി-ഗോത്രവിഭാഗങ്ങളെ അനുനയിപ്പിക്കാനോ സിവിൽ കോഡിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്താനോ ഉള്ള ശ്രമമാണ് ബി.ജെ.പിയുടേത്. മുസ്ലിംകൾക്കു പുറമെ സിഖ്, ക്രൈസ്തവ വിഭാഗങ്ങളും സിവിൽ കോഡിനെതിരാണ്.
അതേസമയം, ഏക സിവിൽ കോഡിനെതിരായ എതിർപ്പ് രാജ്യത്ത് ശക്തമാണ്. ലോക്സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും, രാജ്യസഭയിൽ ഈ പാർട്ടികളുടെ പിന്തുണ കൂടാതെ ഏക സിവിൽ കോഡ് ബിൽ പാസാക്കിയെടുക്കാൻ കഴിയില്ല. ബിൽ പാസായാലും ഇല്ലെങ്കിലും ബിൽ പാർലമെന്റിൽ കൊണ്ടുവരാനും തെരഞ്ഞെടുപ്പിൽ ചേരിതിരിവിന് ഉതകുന്ന സജീവ ചർച്ചയാക്കാനും തന്നെയാണ് ബി.ജെ.പിയുടെ നീക്കം.
ആദിവാസി-ഗോത്രവർഗ വിഭാഗങ്ങളിൽനിന്നുയർന്ന എതിർപ്പ് സർക്കാറിനെ ഊരാക്കുടുക്കിലാക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊന്നാകെ എതിര്. തങ്ങളുടെ പരമ്പരാഗത സ്വത്വത്തിന് നിരക്കുന്നതല്ല ഏക സിവിൽ കോഡെന്ന് നാഗാലാൻഡിലെ എൻ.ഡി.പി.പി, മേഘാലയയിലെ എൻ.പി.പി, മിസോറമിലെ എം.എൻ.എഫ് തുടങ്ങിയ പാർട്ടികൾ നിലപാടെടുത്തു.
പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി സഖ്യകക്ഷികൾ ഏക സിവിൽ കോഡിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സർക്കാറിന് നിർണായക ഘട്ടങ്ങളിൽ പിന്തുണ നൽകിപ്പോരുന്ന വൈ.എസ്.ആർ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പാർട്ടികളും ഏക സിവിൽ കോഡിനെതിരെ തിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.