'ഡാൽമിയ സിമന്റിന് ഭൂമി ഏറ്റെടുത്തുന്നതിനെരെ ആദിവാസികളുടെ പ്രതിഷേധം ഇരമ്പി

സുന്ദർഗഡ് : ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ അയ്യായിരത്തോളം വരുന്ന ആദിവാസി സമൂഹം ഡാൽമിയ സിമന്റ് കമ്പനി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാരോപിച്ച് ഒക്ടോബർ 21 ന് ജില്ലാ കnക്ടറുടെ ഓഫീസ് ഉപരോധിച്ചു. 'ജനസംഗതൻ ഫോറം ഫോർ ഗ്രാമസഭ' എന്ന സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ അംഗങ്ങളാണ് സമരത്തിനത്തിയത്.

രാജ്ഗംഗ്പൂർ ബ്ലോക്കിലെ കുക്കുഡ, അലന്ദ, കേസരമാൽ, ജഗർപൂർ പഞ്ചായത്തുകളും കുത്ര ബ്ലോക്കിലെ കെടാങ് പഞ്ചായത്തിലെയും ആദിവാസികൾ പ്രകടനത്തിൽ പങ്കെടുത്തു. 5,000 ആദിവാസികൾ 100 കിലോമീറ്റർ പദയാത്ര നടത്തിയാണ് 21-ന് കലക്‌ടറുടെ ഓഫീസിൽ എത്തിയത്. കലക്ടറുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് സമരക്കാരായ ആദിവാസികൾ തണുപ്പത്ത് രാത്രി കഴിച്ചുകൂട്ടി.

പഞ്ചായത്തുകൾക്ക് കീഴിലുള്ള അവരുടെ 750 ഏക്കർ ഭൂമി "അനധികൃതമായി ഡാൽമിയ സിമന്റ് കമ്പനിക്ക്" (മുമ്പ് ഒഡീഷ സിമന്റ് ലിമിറ്റഡ്; ഒ.സി.എൽ) പതിച്ചുനൽകിയിരിക്കുകയാണെന്ന് സംഘം ആരോപിച്ചു. ഈ ഭൂമി ഇടപാട് നടന്നാൽ 57 വില്ലേജുകളിലെ 60,000 ആദിവാസികൾ കുടിയിറക്കടും. അവർ തൊഴിൽരഹിതരാകുകയും ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു.

"ആദിവാസികൾക്ക് ഭൂമി ഒരു ഉപജീവനമാർഗം മാത്രമല്ല; അത് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണെന്നും," ഗ്രാമസഭാ പ്രസിഡൻറ് ബിബോൾ ടോപെ പറഞ്ഞു. ഭൂമി ആദിവാസികളുടെ ജീവിതം, സ്വത്വം, സംസ്കാരം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഡാൽമിയ കമ്പനിക്ക് അര ഇഞ്ച് ഭൂമി പോലും നൽകുന്നതിന് മുമ്പ് ആദിവാസികൾ ജീവൻ നൽകും," എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സ്വകാര്യ കമ്പനിയായ ഡാൽമിയ ഭാരതിന് 2,150 ഏക്കർ ഭൂമി കൂടി ഏറ്റെടുത്ത് മേഖലയിൽ ഖനന പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് നീക്കം. ഈ വിപുലീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാൻ കമ്പനിക്ക് 750 ഏക്കർ ഭൂമി ഏറ്റെടുത്തിരിക്കയാണെന്നും ആദിവാസികൾ പറഞ്ഞു.

ആദ്യം സമരക്കാരെ കാണാൻ കലക്ടറുടെ ഓഫീസിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ പോലും പുറത്തിറങ്ങിയില്ല. പകരം, നാല് പ്രതിനിധികളെ തിരഞ്ഞെടുത്ത് കലക്ടർക്ക് അദ്ദേഹത്തിന്റെ ഓഫീസിലെത്തി മെമ്മോറാണ്ടം നൽകാൻ ആദിവാസികളോട് പറഞ്ഞു.

തുടർന്ന്, സ്ഥലത്ത് പ്രതിഷേധം ശക്തമായതോടെ സമരക്കാരുമായി സംസാരിക്കാൻ കലക്ടർ പുറത്തുവന്നു. തുടർന്ന് 22 ന്, കലക്ടർ സമരക്കാരുടെ 25 പ്രതിനിധികളുമായി കലക്ടർ കൂടിക്കാഴ്ച നടത്തി. ആദിവാസികൾ നൽകിയ മെമ്മോറാണ്ടം കലക്ടർ ഒഡീഷ മുഖ്യമന്ത്രിക്കും ഗവർണർക്കും ഇന്ത്യൻ രാഷ്ട്രപതിക്കും അയയ്ക്കുമെന്ന് രേഖാമൂലം കലക്ടർ ഉറപ്പ് നൽകി. മറുപടി ലഭിക്കുന്നതുവരെ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവെക്കുമെന്നും കലക്ടർ അറിയിച്ചു.

Tags:    
News Summary - The tribals protested against the acquisition of land for Dalmia Cement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.