തിരുപ്പറങ്കുണ്ട്രം മലമുകളിലെ കൽത്തൂൺ

ആ തൂൺ നിർമിച്ചത് ഹിന്ദുക്കളല്ല, ജൈന വിഭാഗക്കാർ; തിരുപ്പറക്കുണ്ട്രത്തെ കൽത്തൂണിനെ​​ ചൊല്ലി അനാവശ്യവിവാദമെന്നും തമിഴ്നാട് സർക്കാർ ഹൈകോടതിയിൽ

മധുരൈ: തിരുപ്പറങ്കുണ്ട്രം മലമുകളിലെ കൽത്തൂൺ നിർമിച്ചത് ജൈന സന്യാസികളെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈകോടതിയിൽ. തൂണിൽ ഹിന്ദുവിഭാഗത്തിന് അവകാശമില്ലെന്നും സർക്കാർ വ്യക്തമാക്കി. പുരാവസ്തു രേഖകൾ ഉദ്ധരിച്ചായിരുന്നു സർക്കാർ വാദം.

ഉത്തർപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ജൈനന്മാർ കർണാടകയിലേക്കും പിന്നീട് മധുരയിലേക്കും വന്നതായി രേഖകൾ ഉണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കുന്നുകളിൽ താമസിച്ചിരുന്ന ‘ദിഗംബര’ വിഭാഗത്തിൽ പെട്ട സന്യാസിമാർ രാത്രികാലങ്ങളിൽ വിളക്കുകൾ കത്തിക്കാൻ ഉപയോഗിച്ചിരുന്നതാണ് ഈ കൽത്തൂണുകളെന്നും അഭിഭാഷകൻ പറഞ്ഞു.

തിരുപ്പറങ്കുണ്ട്രം കുന്നിന് മുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മാനേജ്മെന്റിന് നിർദ്ദേശം നൽകിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന അപ്പീലുകൾ ജസ്റ്റിസുമാരായ ജി. ജയചന്ദ്രന് , കെ.കെ. രാമകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.

നേരത്തെ, കാർത്തിക ദീപം ചടങ്ങിന്റെ ഭാഗമായി തിരുപ്പറങ്കുണ്ട്രം മലമുകളിൽ ദീപം തെളിക്കാൻ അനുമതി നൽകാൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭാരവാഹികളോട് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ നിർദേശിച്ചിരുന്നു. ചില ഹിന്ദു സംഘടനകൾ നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ നടപടി.

ഡിസംബർ മൂന്നിന് വൈകീട്ട് ആറിന് മുമ്പ് ദീപം തെളിക്കാനായിരുന്നു അനുമതി. എന്നാൽ, കീഴ്‌വഴക്ക പ്രകാരം മലക്ക് താഴെ ദീപം തെളിക്കാമെന്നും ദർഗ കൂടി നിലനിൽക്കുന്ന മലയുടെ മുകളിൽ ദീപം തെളിക്കുന്നത് അനുവദിക്കാനാവില്ലെന്നുമായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ നിലപാട്. ഇതിനെതിരെ പരാതിക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് 10 പേരടങ്ങുന്ന സംഘത്തിന് മലമുകളിൽ പോയി ദീപം തെളിക്കാൻ ജഡ്ജി അനുമതി നൽകി. എന്നാൽ വൻ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ദീപം തെളിക്കാൻ എത്തിയ സംഘത്തെ പൊലീസ് തടയുകയായിരുന്നു.

തുടർന്ന്, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി. പിന്നാലെ മധുര കലക്ടർ, പോലീസ് കമ്മീഷണർ എന്നിവർക്കെതിരെ ജസ്റ്റിസ് സ്വാമിനാഥൻ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ അധികൃതർ സമീപിച്ചു. കോടതി അലക്ഷ്യ കേസ് റദ്ദാക്കണം എന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ തുടർന്ന് കോടതി അലക്ഷ്യകേസ് പരിഗണിച്ച ജസ്റ്റിസ് സ്വാമിനാഥൻ വ്യാഴാഴ്ച തന്നെ ദീപം തെളിയിക്കാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് ദീപം തെളിക്കാൻ എത്തിയ സംഘത്തെ മലമുകളിലേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല. ഇതിന് പിന്നാ​ലെ, സർക്കാർ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് മാറ്റിയിരുന്നു.

Tags:    
News Summary - The thiruparakundram pillar was built by Jains, not Hindus-Tamil Nadu government tells High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.