ന്യൂഡൽഹി: വിവാദ വിധികളിലൂടെ ശ്രദ്ധേയയായ ബോംബെ ഹൈകോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി രണ്ടുവർഷത്തിൽ നിന്ന് ഒരു വർഷമായി സർക്കാർ വെട്ടിക്കുറച്ചു. അഡീഷണൽ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ശിപാർശ നൽകിയിരുന്നു. എന്നാൽ വിവാദ വിധികളുടെ പശ്ചാത്തലത്തിൽ കൊളിജിയം ശിപാർസ പിൻവലിച്ചു.
ഫെബ്രുവരി 13ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഒരു വർഷത്തേക്ക് മാത്രമാണ് അഡീഷണൽ ജഡ്ജിയായി ഇവർക്ക് നിയമനം നൽകിയിട്ടുള്ളത്. സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നൽകുന്നതിനു മുൻപ് രണ്ടു വർഷം അഡീഷനൽ ജഡ്ജിയായി നിയമിക്കാറാണ് പതിവ്.
ലൈംഗിക അതിക്രമ കേസുകളിൽ പ്രതികൾക്ക് അനുകൂലമായി വിധികൾ പുറപ്പെടുവിച്ച് വിവാദത്തിലായ സാഹചര്യത്തിലാണ് ഇവർക്ക് സ്ഥിരം നിയമനം നൽകാനുള്ള ശിപാർശ റദ്ദാക്കാൻ കൊളിജിയം തീരുമാനിച്ചത്.
പോക്‌സോ കേസുകളില്‍ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ജനുവരി 19ന് പുറപ്പെടുവിച്ച വിധി പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തു. പെൺകുട്ടിയുടെ കൈകളിൽ പിടിച്ചുകൊണ്ട് പ്രതി പാന്‍റ്സിന്‍റെ സിപ് തുറക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന വിധിയും ഇവർ പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.