ജാതി വിവരങ്ങൾ ഉൾപ്പെടുത്തി അടുത്ത സെൻസസ് 2027ൽ; ​നടപടികൾ രണ്ടു ഘട്ടങ്ങളിലായി; ജാതി സെൻസസ് നടത്തുന്നത് 93 വർഷത്തിനുശേഷം

ന്യൂഡൽഹി: രാജ്യത്തെ സെൻസസ് നടപടിക്രമങ്ങൾ നടത്തുന്നതിനുള്ള ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇത്തവണ രണ്ടു ഘട്ടങ്ങളായാണ് സെൻസസ് പൂർത്തിയാക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കം വിലയിരുത്തി.

ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും ഇത്തവണ സെൻസസ് നടത്തുക എന്ന് അമിത് ഷാ വ്യക്തമാക്കി. 93 വർഷത്തിനുശേഷമാണു ജാതി സെൻസസ് രാജ്യത്തു നടത്തുന്നത്. രാജ്യത്തെ 16ാമത് സെൻസസ് ആണ് നടക്കുക. ആദ്യ ഘട്ടത്തിൽ ലഡാക്കിലും ജമ്മു- കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും 2026 ഒക്ടോബർ ഒന്നിന് സെൻസസ് നടപടികൾ ആരംഭിക്കുമെന്നും രണ്ടാം ഘട്ടമായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് ഒന്നിന് ആരംഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 16 വർഷത്തെ ഇടവേളക്കു ശേഷമാണ് ഏറ്റവും പുതിയ സെൻസസ് നടക്കുന്നത്. രാജ്യത്ത് അവസാന സെൻസസ് നടത്തിയത് 2011ലാണ്.

ആദ്യ ഘട്ടത്തിൽ ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ ശേഖരിക്കും. രണ്ടാം ഘട്ടത്തിൽ വീട്ടിലെ അം​ഗങ്ങളുടെ എണ്ണം, സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, മറ്റു വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.

സെൻസസ് പ്രവർത്തനങ്ങൾക്കായി 34 ലക്ഷം എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോ​ഗിക്കും. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവെക്കേണ്ടിവന്നത്. 1948ലെ സെൻസസ് ആക്ടിലെയും 1990 ലെ സെൻസസ് നിയമങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് ഇന്ത്യയിലെ സെൻസസ് നടത്തുന്നത്.

Tags:    
News Summary - The next census will be in 2027; this time, the caste census will also be included, the process will be carried out in two phases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.