ഹൈദരാബാദ്: ഹൈദരാബാദ്‍ യൂനിവേഴ്സിറ്റിയിൽ ജാതി അധിക്ഷേപത്തിന്റെ പേരിൽ ദലിത് ഗവേഷകനായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യമാകെ ചർച്ച ചെയ്തതാണ്. രേഹിത് വെമുല അങ്ങനെ ജാതിക്കെതിരായ പോരാട്ടങ്ങളുടെ പ്രതീകമാവുകയും ചെയ്തു. വെമുലയുടെ മരണത്തിന് 10 വർഷത്തിനുശേഷം ഇപ്പോഴിതാ കർണാടകയിൽ ജാതി അധിക്ഷേപത്തിനും അവാശനിഷേധത്തിനുമെതിരായി സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കൊണ്ടുവരുന്ന നിയമത്തിന്റെ പേര് രോഹിത് വെമുല ബിൽ എന്നാണ്.
കോളജുകളെയും യൂനിവേഴ്സിറ്റികളെയും ഇത്തരം ജാതീയ പീഡനത്തിൽ നിന്നും പൊതുസ്ഥലത്തെ അധിക്ഷേപത്തിൽ നിന്നും നിയന്ത്രിക്കാനാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത്. മൂന്നു വർഷം വരെ ജയിലും പിഴയും ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം.
വരുന്ന ശൈത്യകാല സമ്മേളനത്തിൽ സിദ്ധരാമയ്യ ഗവൺമെന്റ് ഈ ബില്ല് നിയമസഭയിൽ വെക്കും. ഡിസംബർ എട്ടു മുതൽ 19 വരെയാണ് നിയമസഭ ചേരുക. കോൺഗ്രസിന്റെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രേരണയിലാണ് കർണാടകം ഈ ബില്ല് തയ്യാറാക്കിയത്. കർണാടക രോഹിത് വെമുല ബിൽ (അനീതി തടയൽ),(അന്തസ്സുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശം) എന്നാണ് ബില്ലിന്റെ പേര്.
ഉന്നത വിദ്യാഭ്യസ രംഗത്ത് നിലനിൽക്കുന്ന ജാതി വിവേചനം കണ്ടെത്തുകയും അത് തടയുകയുമാണ് ബില്ലിന്റെ ലക്ഷ്യം. ബിൽ നിയമമായിക്കഴിഞ്ഞാൽ ജാതിയുടെ പേരിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന ജാതീയമായ അധിക്ഷേപവും ഒറ്റപ്പെടുത്തലും അതിക്രമവും അവസാനിപ്പിക്കാൻ കഴിയുമെന്ന് വിദഗ്ധർ കണക്കാക്കുന്നു.
വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ എല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. വ്യക്തികൾക്ക് എഴുതി നൽകുന്ന മാപ്പപേക്ഷ മുതൽ 3 വർഷം ജയിൽ ശിക്ഷ വരെ ഉറപ്പാക്കുന്നു. സ്ഥാപനങ്ങൾക്ക് ഗവൺമെന്റിന്റെ വിദ്യാഭ്യാസ സഹായം നിർത്തലാക്കും.
പരാതികൾ ലഭിച്ചാൽ ആദ്യം ഒരു അന്വേഷണ കമ്മിറ്റി അത് പരിശോധിക്കും. ഇത് സ്ഥാപനത്തിന്റെ പരിധിയിലായിരിക്കും. തുടർന്ന് കോടതിയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.