ബംഗളൂരു: ബംഗളൂരുവിൽ കഴിഞ്ഞ ദിവസം പിടിയിലായ മാലമോഷണ സംഘത്തിന്‍റെ ജീവിതവും മോഷണരീതിയും കണ്ട് ഞെട്ടി പൊലീസ്. ഡൽഹിയിൽനിന്ന് വിമാനമാർഗം ബംഗളൂരുവിലെത്തിയാണ് ഇവർ മോഷണം നടത്തിയിരുന്നത്. മോഷണത്തിനുശേഷം കുറച്ചുനാൾ ആഡംബര ജീവിതം നയിച്ചുകഴിഞ്ഞ് തിരികെ ഡൽഹിക്കുപോകും. ബംഗളൂരുവിൽ താമസിക്കാനായി ആഡംബര വില്ലയും സഞ്ചരിക്കാനായി വാഹനവും ഇവർ വാടകക്കെടുത്തിരുന്നു. ആറംഗ സംഘത്തിൽ നിന്ന് 11 ലക്ഷം രൂപയുടെ സ്വർണമാലകളാണ് പൊലീസ് കണ്ടെടുത്തത്. ഇവരിലൊരാൾ മലയാളിയാണ്.
ഫെബ്രുവരി 14ന് മോഷണത്തിനായി ബംഗളൂരുവിലെത്തിയപ്പോളാണ് സംഘം െപാലീസിന്‍റെ വലയിൽ കുടുങ്ങിയതെന്ന് ഡി.സി.പി (നോർത്ത് ഈസ്റ്റ്) സി.കെ. ബാബ പറഞ്ഞു. രണ്ടുദിവസം മോഷണം നടത്തിയ ശേഷം 16ന് തിരികെ ഡൽഹിക്ക് പറക്കാനായിരുന്നു പ്ലാൻ. പക്ഷേ, നഗരത്തിന്‍റെ വടക്കുകിഴക്കൻ പ്രദേശത്ത് ഇവർ നടത്തിയ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽനിന്നും പ്രാദേശിക ഇൻഫോർമർമാരിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ വിമാനത്താവളത്തിൽ എത്തുന്നതിന് മുേമ്പ ഇവരെ പിടികൂടാൻ പൊലീസിനായി.
സുരേഷ് കുമാർ, ഹസീൻ ഖാൻ, ഇർഷാദ്, സലീം, അഫ്രോസ്, ഹാരിസ് എന്നിവരാണ് സംഘത്തിലുള്ളത്. ഇതിൽ ഹാരിസ് മലയാളിയാണ്. ഫെബ്രുവരി ഒന്നിന് ഇവരിൽ രണ്ടുപേരാണ് ബംഗളൂരുവിൽ ആദ്യം എത്തിയത്. 50,000 രൂപ മാസവാടകയുള്ള വില്ലയിൽ താമസിച്ച്, വാടകക്കെടുത്ത ജീപ്പിൽ കറങ്ങി നടന്ന്, മോഷണം നടത്തേണ്ട സ്ഥലങ്ങൾ തീരുമാനിച്ച ശേഷമാണ് മറ്റുള്ളവരെ വരുത്തിയത്. ജീപ്പും മോഷണത്തിന് ഇവർ ഉപയോഗിച്ച ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ഡൽഹിയിൽ ഇവർക്കെതിരെ 27ഓളം കേസുകൾ നിലവിലുണ്ടെന്നും ഡി.സി.പി സി.കെ. ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.