കൊപ്പൽ (ബംഗളൂരു): റീൽ ചിത്രീകരണത്തിനിടെ പാറക്കെട്ടിൽ നിന്ന് നദിയിൽ ചാടി ഒഴുക്കിൽപ്പെട്ട ഡോക്ടറെ കാണാതായി. ബുധനാഴ്ച രാവിലെ കർണാടക തുംഗഭദ്ര നദിയിൽ തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറായ അനന്യ മോഹൻ റാവു (26) ആണ് ഒഴുക്കിൽപ്പെട്ടത്.
സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാനായി എത്തിയ ഇവർ കർണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതി നദിയിൽ ഇറങ്ങുകയായിരുന്നു. ഹൈദരാബാദിലെ നാംപള്ളി സ്വദേശിയാണ് മരിച്ച അനന്യ. മൃതദേഹം കണ്ടെത്താൻ 10 മണിക്കൂറിലധികം ശ്രമം നടത്തിയിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല. താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിന് പിന്നിലുള്ള തുംഗഭദ്ര നദിയിൽ റീൽ ചിത്രീകരിക്കാൻ പോയതായിരുന്നു അവർ.
ചിത്രീകരണത്തിന്റെ ഭാഗമായി സമീപത്തുള്ള പാറക്കെട്ടിൽ നിന്നാണ് ഡോക്ടർ നദിയിലേക്ക് ചാടിയത്. ശക്തമായ അടിയൊഴുക്കിൽ യുവതി ഒഴുകിപ്പോയതായി നാട്ടുകാർ പറഞ്ഞു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരുടെ സഹായത്തോടെ നദിയിൽ സംയുക്തമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഡോക്ടർ പാറക്കെട്ടിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തിന്റെ മൊബൈൽ ഫോണിൽ പതിഞ്ഞിട്ടുണ്ട്. ഗംഗാവതി റൂറൽ പൊലീസ് ഇത് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസ്, ഫയർഫോഴ്‌സ്, പ്രാദേശിക നീന്തൽക്കാർ എന്നിവരുടെ സംയുക്ത സംഘം തിരച്ചിൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.