ന്യൂഡൽഹി: എഥനോൾ ചേർക്കാത്ത പെട്രോളിനും ബയോഡീസൽ ചേർക്കാത്ത ഡീസലിനും എക്സൈസ് തീരുവയിൽ രണ്ട് രൂപ ലെവി ചുമത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ നീട്ടിവെച്ചു. പെട്രോളിന് ഒരുമാസത്തെയും ഡീസലിന് ആറുമാസത്തെയും ഇളവാണ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് സാധാരണ പെട്രോളിന് എക്സൈസ് തീരുവ നവംബർ മുതൽ 3.40 രൂപയാകും. നിലവിലിത് 1.40 രൂപയാണ്. ബ്രാൻഡഡ് പെട്രോളിന് നിലവിലുള്ള എക്സൈസ് തീരുവ 2.60ൽനിന്ന് 4.60 ആകും.
സാധാരണ ഡീസലിന് 2023 ഏപ്രിൽ മുതൽ എക്സൈസ് തീരുവ നിലവിലുള്ള 1.80 രൂപക്കു പകരം 3.80 ഈടാക്കും. ബ്രാൻഡഡ് ഡീസലിന്റെ തീരുവ നിലവിലെ 4.20 രൂപയിൽ നിന്ന് 6.20 രൂപയാകും.കഴിഞ്ഞ ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എഥനോൾ, ബയോ ഡീസൽ എന്നിവയുമായി കലർത്താത്ത പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ അധിക ലെവി പ്രഖ്യാപിച്ചത്.
കരിമ്പിൽനിന്നോ മിച്ചമുള്ള ഭക്ഷ്യധാന്യത്തിൽ നിന്നോ വേർതിരിച്ചെടുക്കുന്ന 10 ശതമാനം എഥനോളാണ് പെട്രോളിൽ കലർത്തുന്നത്. സസ്യ എണ്ണകളിൽനിന്ന് ലഭിക്കുന്ന ലോങ് ചെയിൻ ഫാറ്റി ആസിഡുകളുടെ ആൽക്കൈൽ എസ്റ്ററുകളുമായാണ് ഡീസൽ കലർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.