മധ്യപ്രദേശ്: ജബൽപൂരിൽ 13 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ട് സർവീസ് യോഗ്യമല്ലെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ബോട്ട് ഓപ്പറേറ്റ് ചെയ്യുന്ന റിസോർട്ടിൽ നിന്നെഴുതിയ കത്തുകൾ പുറത്ത്. ഇതുസംബന്ധിച്ച് അപകടം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പും 2025ലും മൈക്കൽ റിസോർട്ടിൽ നിന്ന് ടൂറിസം വകുപ്പിലെ റീജിയണൽ മാനേജർക്ക് നാലു തവണ കത്തെഴുതിയെന്നാണ് വിവരം.
യാത്രക്കിടെ ശക്തമായ കാറ്റിലും തിരമാലയിലും പലപ്പോഴും ബോട്ട് തിരികെ കരയിലേക്ക് വലിച്ചുകൊണ്ടു വരേണ്ടി വന്നിട്ടുണ്ടെന്ന് റിസോർട്ട് അധികൃതർ പറയുന്നു. മുന്നറിയിപ്പുകൾ നൽകിയിട്ടും ബോട്ടിന്‍റെ എൻജിൻ മാറ്റാനോ സർവീസ് റദ്ദ് ചെയ്യാനോ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ബോട്ടിന്‍റെ തകരാർ സംബന്ധിച്ച് ആദ്യ കത്ത് 2025 ഏപ്രിൽ16നാണ് പുറത്ത് വന്നത്. രണ്ടാമത്തേത് ആഗസ്റ്റ് 11നും മൂന്നാമത്തേത് നവംബർ17നും. ഈ മൂന്ന് പരാതികളിലും ടൂറിസം വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഏറ്റവും ഒടുവിൽ മാർച്ച് 30 നാണ് ബോട്ട് പ്രവർത്തന യോഗ്യമല്ലെന്ന് കാണിച്ച് കത്ത് പുറപ്പെടുവിച്ചത്.
ഏപ്രിൽ 30നാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ബോട്ട് അപകടത്തിൽപ്പെട്ടത്. ജബൽപൂരിലെ ബാർഗി അണക്കെട്ടിൽ ക്രൂയിസ് ബോട്ട് മുങ്ങി എട്ട് സ്ത്രീകളും നാല് കുട്ടികളും ഒരു പുരുഷനുമാണ് മരിച്ചത്. 60 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.