ന്യൂഡൽഹി: മെക്കാളെ അടിച്ചേൽപിച്ച കൊളോണിയൽ മാനസികാവസ്ഥ 10 വർഷത്തിനകം ജനങ്ങളിൽ നിന്ന് മാറ്റിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മെക്കാളെ ചെയ്ത കുറ്റം രൂപത്തിൽ ഇന്ത്യക്കാരും മാനസികമായി ബ്രിട്ടീഷുകാരുമായ ജനതയെ സൃഷ്ടിച്ചു എന്നതാണെന്ന് മോദി ആരോപിച്ചു.
ഡൽഹിയിൽ ‘ഗോയങ്ക ലക്ചർ’ നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യക്കാരുടെ ആത്മവിശ്വാസം തകർക്കുകയും അവരിൽ അപകർഷതാബോധം വളർത്തുകയുമായിരുന്നു മെക്കാളെ. ഒരുവശത്ത് അദ്ദേഹം ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശാസ്ത്രീയവും കലാപരവും സാംസ്കാരികവുമായ അറിവുകൾ അവഗണിച്ചു. ഒടുവിൽ എല്ലാ ജീവിതശൈലികളെയും മാറ്റിമറിച്ചു.
ഇന്ത്യയുടെ വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക മോഹങ്ങൾ എന്നിവ വിദേശ മാതൃകകളിലാണ് സൃഷ്ടിക്കപ്പെട്ടത്. ഒരു രാജ്യം ചെവികൊടുത്തില്ലെങ്കിൽ അതിന്റെ പാരമ്പര്യം അപ്പാടേ നശിച്ചുപോകും.
ടൂറിസം പരിപോഷിപ്പിച്ചിട്ടുള്ള രാജ്യങ്ങൾ അവരുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരാണ്. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിന്റെ പാരമ്പര്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു. പാരമ്പര്യത്തിൽ അഭിമാനമില്ലെങ്കിൽ എങ്ങനെ അത് സംരക്ഷിക്കാൻ തോന്നും. അങ്ങനെ സംരക്ഷിച്ചില്ലെങ്കിൽ സ്മാരകങ്ങൾ വെറും ഇഷ്ടികയും കല്ലുമായി മാറുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ജപ്പാനും കൊറിയയുമൊക്കെ പാശ്ചാത്യ ആശയങ്ങൾ സ്വീകരിച്ചപ്പോൾതന്നെ അവരുടെ ഭാഷയുടെ പാരമ്പര്യത്തിൽ ഉറച്ചു നിന്നു. ഇതേ പാതയാണ് ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിലും ഊന്നൽ നൽകുന്നത്. താൻ ഇംഗ്ലീഷിന് എതിരല്ലെന്നും എന്നാൽ ഇന്ത്യയുടെ പ്രാദേശിക ഭാഷകളെ കൂടുതൽ അംഗീകരിക്കുന്നതായും പ്രധനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടികളുടെ ഭാവി ഇടതോ, വലതോ, മധ്യത്തോ എന്നത് അവരുടെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതാണെന്നും നരേന്ദ്രമോദി പറഞ്ഞു.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ അവരവരുടെ താൽപര്യത്തിനാണ് പ്രവർത്തിച്ചത്, സാമൂഹിക നീതിക്കായിരുന്നില്ല. യഥാർത്ഥ സാമൂഹിക നീതി എന്നാൽ സാമൂഹിക സുരക്ഷ വർധിപ്പിക്കലാണ്. ഇന്ന് രാജ്യത്തെ 94 കോടി ജനങ്ങൾ സാമൂഹിക സുരക്ഷയുടെ കീഴിലാണ്. ഒരു ദശാബ്ദം മുമ്പ് ഇത് 25 കോടി മാത്രമായിരുന്നു. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയുടെ ഉദാഹരണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.