കൊച്ചി: കാത്തിരിപ്പിനൊടുവിൽ ബിൽജിത്തിന്‍റെ ഹൃദയം ആവണികൃഷ്ണ എന്ന 13കാരിയിൽ സ്പന്ദിച്ചുതുടങ്ങി. ഒരു നാടിന്‍റെ പ്രാർഥനകൾക്ക് നടുവിൽ ശനിയാഴ്ച രാവിലെ ആറരയോടെയാണ് എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
കൊല്ലം അഞ്ചൽ സ്വദേശി സന്തോഷിന്‍റെ മകൾ ആവണിയെ വന്ദേഭാരത് ട്രെയിനിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് കൊച്ചിയിൽ എത്തിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജുവിന്റെ (18) ഹൃദയം മാറ്റിവെക്കുകയായിരുന്നു ലക്ഷ്യം. അവയവം കുട്ടിക്ക് യോജിക്കുമോ എന്നതടക്കം പരിശോധനകൾ രാത്രി വൈകിയാണ് പൂർത്തിയായത്. പുലർച്ചെ ഒരു മണിക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽനിന്ന് ഹൃദയം 20 മിനിറ്റ് കൊണ്ട് കൊച്ചിയിൽ എത്തിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തിൽ പുലർച്ചെ 1.25ന് ആരംഭിച്ച ശസ്ത്രക്രിയ അഞ്ച് മണിക്കൂർ നീണ്ടു. 3.30ന് ഹൃദയം കുട്ടിയിൽ സ്പന്ദിച്ച് തുടങ്ങി. എങ്കിലും അടുത്ത 48 മണിക്കൂർ ശസ്ത്രക്രിയ പോലെതന്നെ പ്രധാനമാണന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
കുട്ടി മൂന്ന് വർഷമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ലിസി ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത് ഹൃദയം കിട്ടാൻ കാത്തിരിക്കുകയായിരുന്നു. ഡോക്ടർമാർ അറിയിച്ചത് പ്രകാരമാണ് വെള്ളിയാഴ്ച കുട്ടിയുമായി കുടുംബം കൊച്ചിയിൽ എത്തിയത്. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്‍റ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ എൻജിനീയറിങ് വിദ്യാർഥിയായ ബില്‍ജിത്തിന്‍റെ ഹൃദയം, രണ്ട് വൃക്ക, കരള്‍, ചെറുകുടല്‍, പാന്‍ക്രിയാസ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്.
ഒരു വൃക്ക കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനും ഒരു വൃക്ക എറണാകുളം രാജഗിരി ആശുപത്രിക്കും കരളും ചെറുകുടലും പാന്‍ക്രിയാസും എറണാകുളം അമൃത ആശുപത്രിക്കും രണ്ട് നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിക്കും കൈമാറി. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.