ഏറ്റുമുട്ടലിൽ കൊല്ലാതിരുന്നതിന് സ്പെഷ്യൽ ടാസ്ക് ഫോഴ്സിനോട് നന്ദിയുണ്ട് - കഫീൽ ഖാൻ

ന്യൂഡല്‍ഹി: തന്നെ ഏറ്റുമുട്ടലിലൂടെ കൊല്ലാതിരുന്നതിന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനോട് നന്ദിയുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. നീതി വ്യവസ്ഥയോട് തനിക്ക് അത്യധികം നന്ദിയുണ്ടെന്നും ജയില്‍ മോചിതനായ ശേഷം കഫീല്‍ ഖാന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'എന്‍റെ വാക്കുകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്നതല്ലെന്ന് വിധിച്ച നീതിന്യായ വ്യവസ്ഥയോട് എനിക്ക് അത്യധികം നന്ദിയുണ്ട്. അവസാനമായി ഞാൻ നന്ദി പറയുന്നത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനോടാണ്. മുംബൈയില്‍ നിന്നും മഥുരയിലേക്ക് കൊണ്ട് വരുന്നതിനിടയില്‍ എന്നെ എന്‍കൗണ്ടറില്‍ കൊന്ന് കളയാത്തതിന്'. കഫീല്‍ ഖാന്‍ പറഞ്ഞു.

'രാമായണത്തില്‍ രാജാവ് രാജധര്‍മത്തിനായാണ് പോരാടിയതെന്നാണ് വാത്മീകി പറഞ്ഞത്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ രാജാവ് രാജധര്‍മമല്ല, കുട്ടികളെ പോലെ പിടിവാശിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്,' കഫീല്‍ ഖാന്‍ പറഞ്ഞു.

'എന്‍റെ മോചനത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ അഭ്യുദയകാംക്ഷികളോട് എപ്പോഴും നന്ദിയുണ്ടായിരിക്കും. ഭരണകൂടത്തിന് ഒരിക്കലും എന്നെ വിട്ടയക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷെ നിങ്ങളോരോരുത്തരുടെയും പ്രാര്‍ത്ഥന കൊണ്ടാണ് ഞാന്‍ മോചിതനായത്,'അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ബിഹാറിലേയും അസമിലേയും ജനങ്ങൾക്കുവേണ്ടിയാണ് ഇനി പ്രവർത്തിക്കുകയെന്ന് കഫീൽഖാൻ അറിയിച്ചു.

കോടി വിധി വന്നതിനുശേഷം നടപടികൾ പൂർത്തിയാക്കി അര്‍ധരാത്രിയോടെയാണ് കഫീൽ ഖാനെ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം കഫീല്‍ഖാന് ജാമ്യം അനുവദിച്ച അലഹാബാദ് ഹൈകോടതി അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു. അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്.

ജാമ്യം നൽകിയിട്ടും മണിക്കൂറുകളോളം കഫീൽ ഖാനെ തടഞ്ഞുവെച്ചതിൽ കോടതിയലക്ഷ്യത്തിന് കേസ് നൽകുമെന്ന് കഫീൽ ഖാന്‍റെ കുടുംബം അറിയിച്ചു. മകനെ വിട്ടയച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് മാതാവ് നുസ്റത്ത് പർവീൺ പറഞ്ഞു. വളരെ കാലത്തിന് ശേഷം തന്‍റെ മകനെ തൊടാൻ കഴിയുന്നത്. ഇതിൽ ആഹ്ളാദിക്കുന്നുവെന്നും മാതാവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. കഫീല്‍ ഖാന് ജാമ്യം അനുവദിച്ച കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.