യു ടേൺ അടിച്ച് വിജയ് സർക്കാർ; ക്രമസമാധാന വകുപ്പിന് വിവരാവകാശ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച ഉത്തരവ് പിൻവലിച്ചു

ചെന്നൈ : തീരുമാനത്തിൽ നിന്ന് മലക്കംമറിഞ്ഞ് തമിഴ്‌നാട്ടിലെ വിജയ് സർക്കാരിന്റെ പുതിയ നീക്കം. വിവരാവകാശ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് ക്രമസമാധാന വകുപ്പിനെ ഒഴിവാക്കിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവ് കടുത്ത വിമർശനങ്ങളെ തുടർന്ന് സർക്കാർ പിൻവലിച്ചു. പ്രതിപക്ഷത്തിന്റെയും സാമൂഹിക പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തെ മാനിച്ചാണ് തീരുമാനം.

ആദ്യം ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം തന്നെ അത് റദ്ദാക്കിക്കൊണ്ട് പുതിയ വിജ്ഞാപനം സർക്കാർ പുറത്തിറക്കുകയായിരുന്നു. ആർ.ടി.ഐ ആക്ടിലെ സെക്ഷൻ 24(4) പ്രകാരം ക്രമസമാധാന വകുപ്പിനെ 'ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷൻ' ആയി വർഗ്ഗീകരിച്ചാണ് നിയമപരിധിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചത്. ലോക്കപ്പ് മർദ്ദനങ്ങൾ, കസ്റ്റഡി മരണങ്ങൾ, വെടിവയ്പ് അന്വേഷണങ്ങൾ, ജാതി-വർഗീയ സംഘർഷങ്ങൾ, രാഷ്ട്രീയ പ്രതിഷേധങ്ങൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കപ്പെടാൻ ഈ നീക്കം കാരണമാകുമായിരുന്നു.

സുതാര്യതയും അഴിമതിരഹിത ഭരണവും വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന വിജയ് സർക്കാരിന്റെ ഈ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും വിവരാവകാശ പ്രവർത്തകരും ശക്തമായി രംഗത്തുവന്നു. ടി.വി.കെ സർക്കാരിന്റെ ഈ വിവാദ നീക്കം രാഷ്ട്രീയ കേരളത്തിലും തമിഴ്‌നാട്ടിലും വലിയ ചർച്ചയായിരുന്നു. ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് വിജ്ഞാപനം അടിയന്തരമായി പിൻവലിച്ചത്. ഇതോടെ ക്രമസമാധാന വകുപ്പ് പഴയതുപോലെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ തുടരും.

Tags:    
News Summary - Tamil Nadu Government Cancels Controversial Order Over RTI Exemption for Law and Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.