ബിരുദത്തിനൊപ്പം തൊഴിൽ നൈപുണ്യവും; തമിഴ്നാട്ടിൽ ‘ഒരു ബിരുദം ആറ് സ്കില്ലുകൾ’ പദ്ധതി നടപ്പാക്കാനൊരുങ്ങി വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ. പുതിയ സെമസ്റ്റർ മുതൽ ബിരുദത്തിനൊപ്പം ആറ് തൊഴിൽനൈപുണ്യവും വിദ്യാർഥികളെ പരിശീലിപ്പിക്കും.

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ എന്ന പേരിലാണ് പദ്ധതി. 2027 ജനുവരിയിൽ ആരംഭിക്കുന്ന പുതിയ സെമസ്റ്റർ മുതൽ സംസ്ഥാനത്തെ 181 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഇത് നടപ്പാക്കും. മൂന്ന് വർഷത്തെ ബിരുദ പഠനത്തിനിടെ ഓരോ സെമസ്റ്ററിലും ഓരോ തൊഴിൽ നൈപുണ്യ കോഴ്സുകൾ വീതം വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ബിരുദ കോഴ്സിന്റെ ഭാഗം തന്നെയായാണ് പദ്ധതി നടപ്പാക്കുക. വിദ്യാർഥികൾ ഡിഗ്രി പഠനത്തോടൊപ്പം അധിക സ്കിൽ കോഴ്സുകളും പഠിക്കും.

തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ ഹയർ എജൂക്കേഷന്റെ സഹകരണത്തോടെയാണ് പദ്ധതി തയാറാക്കിയത്. നേരത്തെ നാൻ മുതൽവന്റെ കീഴിൽ ‘വൺ സ്കിൽ പെർ സെമസ്റ്റർ’ എന്നാണ് പറഞ്ഞിരുന്നത്. ആർട്സ്, അടിസ്ഥാന ശാസ്ത്ര മേഖലകളിലായി 20 സ്കിൽ കോഴ്സുകളുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ തയാറാക്കിയിരിക്കുന്നത്. ഓരോ കോളജിനും തങ്ങളുടെ സ്കിൽ കോഴ്സുകൾ തിരഞ്ഞെടുക്കാം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ കോളജുകൾ കോഴ്സുകൾ തീരുമാനിക്കുകയും ഓരോ കോഴ്സിനും വിദഗ്ധ പരിശീലകരെ കണ്ടെത്തുകയും ചെയ്യണം.

ഓരോ സ്കിൽ കോഴ്സിനും 30 മുതൽ 45 മണിക്കൂർ വരെ പരിശീലനം നൽകും. ഇതിന് എഴുത്തുപരീക്ഷ ഉണ്ടാകില്ല. വിദ്യാർഥി പഠിച്ച നൈപുണ്യം പ്രായോഗികമായി ഉപയോഗിക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാകും വിലയിരുത്തൽ. 40 ശതമാനം സ്കിൽ അധിഷ്ഠിത പരിശീലന പ്രവർത്തനങ്ങൾ, 30 ശതമാനം വ്യക്തിഗത നൈപുണ്യം, 30 ശതമാനം വിദ്യാർഥി തയാറാക്കുന്ന അന്തിമ പ്രായോഗിക ഔട്ട്പുട്ട് എന്നിവയുടെ അടിസ്ഥാനത്തിലാകും സ്കിൽ കോഴ്സിന്റെ മൂല്യനിർണയം.

കോളജിനെയും ജോലിസ്ഥലത്തെയും കൂടുതൽ ബന്ധിപ്പിക്കുന്നതിനായി കുറഞ്ഞത് മൂന്ന് പ്രമുഖ വ്യവസായങ്ങളുമായി ധാരണാപത്രത്തിൽ ഏർപ്പെടാൻ സർക്കാർ കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വകുപ്പും അതത് മേഖലയിലെ കുറഞ്ഞത് മൂന്ന് പ്രമുഖ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കാനാണ് ലക്ഷ്യം. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനൊപ്പം വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങൾ ഒരുക്കുന്നതിലും കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കും. ഇതുവഴി കോളജ് പഠനവും തൊഴിൽമേഖലയും തമ്മിലുള്ള അകലം കുറക്കാനാണ് ശ്രമം.

തമിഴ്നാട്ടിലെ 181 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലായി ഏകദേശം 1.30 ലക്ഷം അംഗീകൃത ബിരുദ സീറ്റുകളാണുള്ളത്. 2026-27 അധ്യയന വർഷത്തിൽ 96,477 വിദ്യാർഥികൾ വിവിധ കോഴ്സുകളിൽ പ്രവേശനം നേടിയിരുന്നു. അതിനാൽ വലിയൊരു വിഭാഗം വിദ്യാർഥികളെ നേരിട്ട് ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് പരിശീലനവും നൽകിവരുന്നുണ്ട്.

Tags:    
News Summary - Tamil Nadu Colleges to Offer 6 Skills Tamil Nadus new UG programme plans job oriented courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.