വിദ്യാർഥി പ്രതിഷേധം അക്രമാസക്തം; പഞ്ചാബ് ലവ്‍ലി സർവകലാശാല അടച്ചിടും, സുരക്ഷ കേന്ദ്രസേനക്ക്
ചണ്ഡിഗഢ്: പഞ്ചാബിലെ ലവ്‍ലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിൽ (എൽ.പി.യു) വിദ്യാർഥി പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ സർവകലാശാല അടച്ചിടാൻ തീരുമാനം. 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവച്ചു. സെപ്റ്റംബർ 28 മുതൽ 10 ദിവസത്തേക്കാണ് ക്ലാസുകൾ നിർത്തിവെക്കുന്നത്.
മിഡ്‌ടേം പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി സർവകലാശാല അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ യൂണിവേഴ്സിറ്റി മാനേജ്മെന്റ് സിസ്റ്റം വഴി അറിയിക്കും. 10 ദിവസത്തെ ഇടവേളയിൽ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതിയോടെ വിദ്യാർഥികൾക്ക് സ്വന്തം നാടുകളിലേക്ക് പോകാമെന്ന് സർവകലാശാല അറിയിച്ചു.
കഴിഞ്ഞ ദിവസം വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അക്രമങ്ങളെ തുടർന്ന് സർവകലാശാലയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുകയും ചെയ്തിരുന്നു. കാമ്പസിൽ ഒരു പെൺകുട്ടിയെ പുറത്തുനിന്നെത്തിയ ഒരാൾ ലൈംഗികമായി പീഡിപ്പിച്ചെന്ന തരത്തിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന തരത്തിലുള്ള പ്രചാരണവും ഉണ്ടായിരുന്നു.
ഇതിനെ തുടർന്ന് വിദ്യാർഥികൾ പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപം ഒത്തുകൂടിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പിന്നീട് ദേശീയപാത 44 തടയുകയും സർവകലാശാലാ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുകയും വാഹനങ്ങൾ തകർക്കുകയും തീകൊളുത്തുകയും ചെയ്യുകയായിരുന്നു. രണ്ട് പൊലീസ് ജീപ്പുകളും നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി.
ഇതിനിടെ ആയുധങ്ങളുമായി പുറത്തുനിന്നെത്തിയ ആളുകൾ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കയറി പെൺകുട്ടികളെ ആക്രമിക്കുകയും ലാപ്ടോപ്പുകൾ അടക്കമുള്ളവ കൈക്കലാക്കുകയും ചെയ്തു എന്നും വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികളുടെ ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വിദ്യാര്‍ഥി പ്രതിനിധികളുമായും സര്‍വകലാശാലാ അധികൃതരുമായും പൊലീസ് നടത്തിയ ചര്‍ച്ച വിജയം കണ്ടിരുന്നില്ല. തുടർന്നാണ് സർവകലാശാല 10 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്.
കാമ്പസിൽ തുടരുന്നവർ ഹോസ്റ്റലുകളിലോ താമസസ്ഥലങ്ങളിലോ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നതും പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾ ശാന്തരായി തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും സർവകലാശാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.