ഗുജറാത്തില്‍ പിടിയിലായ ഐ.എസ് ഭീകരര്‍ റിമാന്‍ഡില്‍

രാജ്കോട്ട്: ആരാധനാലയങ്ങളില്‍ സ്ഫോടനപരമ്പരക്ക് പദ്ധതിയിട്ടെന്ന കേസില്‍ പിടിയിലായ രണ്ട് ഐ.എസ് ഭീകരരെ കോടതി 12 ദിവസം പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സഹോദരങ്ങളായ വസീം റാമോദിയ, നയീം റാമോദിയ എന്നിവരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. വസീമിനെ രാജ്കോട്ടില്‍നിന്നും നയീമിനെ ഭവന്‍പുരില്‍നിന്നുമാണ് പിടികൂടിയത്. എവിടെ നിന്നാണ് സ്ഫോടകവസ്തുക്കള്‍ ലഭിച്ചത്, മുമ്പും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ഇവരെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ആവശ്യപ്പെട്ടത്.

എന്നാല്‍, ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് ആര്‍.എ. സിങ് 12 ദിവസം കസ്റ്റഡി അനുവദിക്കുകയായിരുന്നു. സംസ്ഥാനത്ത് ഐ.എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഇവരിലൂടെ അറിയാനാവുമെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് എ.സി.പി രമേശ് ഫദ്ലു കോടതിയില്‍ പറഞ്ഞു. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ ഐ.എസുമായി ബന്ധപ്പെട്ടിരുന്നതെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് അറിയിച്ചു. ഇവരില്‍നിന്ന് ബോംബ് നിര്‍മാണത്തിനാവശ്യമായ വെടിമരുന്ന്, ചെറിയ ബോംബുകള്‍, ബാറ്ററി, മുഖംമൂടി എന്നിവ പിടികൂടിയിരുന്നു.

സുരേന്ദ്രനഗര്‍ ജില്ലയിലെ ചോതില ക്ഷേത്രം അടക്കം തിരക്കേറിയ ആരാധനാലയങ്ങളില്‍ ബോംബ് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഇറാഖിലെയും സിറിയയിലെയും ഐ.എസ് നേതൃത്വവുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ആക്രമണശേഷം ആ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും ഭീകരവിരുദ്ധ സ്ക്വാഡ് വ്യക്തമാക്കി.

Tags:    
News Summary - is terror in remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.