രാഹുലിനെയും കെജ്രിവാളിനെയും അർധ നഗ്നരാക്കി അറബിയിൽ അപകീർത്തി പോസ്റ്റ്; മൈസൂരു ഉദയഗിരിയിൽ സംഘർഷാവസ്ഥ; പൊലീസ് ലാത്തിവീശി

മൈസൂരു: സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട അപകീർത്തി പോസ്റ്റിനു പിന്നാലെ മൈസൂരുവിലെ ഉദയഗിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഘർഷാവസ്ഥ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അർധനഗ്നരാക്കിയുള്ള ചിത്രവും അതിൽ അറബിയിൽ എഴുതിയ അപകീർത്തി പരാമർശവുമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി ഒരുവിഭാഗം പ്രതിഷേധവുമായി ഉദയഗിരി പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്. പ്രതിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് പൊലീസ് ലാത്തി വീശുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകവും പ്രയോഗിച്ചു. ഏഴു പൊലീസുകാർക്കും ഏതാനും പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

അപകീർത്തി പോസ്റ്റ് ശ്രദ്ധയിൽപെട്ടതോടെ സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുത്തിരുന്നതായി സിറ്റി പൊലീസ് കമീഷണർ സീമ ലത്കർ പറഞ്ഞു. പ്രതിയെ പിന്നാലെ അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടുകയും നിയമം കൈയിലെടുക്കാൻ ശ്രമിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു. നിലവിൽ സാഹചര്യം സമാധാനപരമാണെന്നും പ്രശ്നങ്ങളുണ്ടാക്കരുതെന്നും അവർ അഭ്യർഥിച്ചു. ഉദയഗിരി പൊലീസ് സ്റ്റേഷനു മുന്നിലും സമീപത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ. ഹിതേന്ദ്ര സ്ഥലത്തെത്തി.

സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഘർഷാവസ്ഥക്കു കാരണം പൊലീസാണെന്ന് കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ കുറ്റപ്പെടുത്തി. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ഉദയഗിരി. കല്യാണഗിരി സ്വദേശിയായ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Tension in Udayagiri police station limits in Mysuru over social media post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.