ടെലഗ്രാം നിരോധനം: കുറ്റവാളികളെ പിടിക്കുന്നതിന് പകരം മോദി സർക്കാർ ഇരകളുടെ വീടിന് പൂട്ടിടുന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് രീക്ഷയുമായി ബന്ധപ്പെട്ട പേപ്പർ ചോർച്ച തടയാൻ കേന്ദ്ര സർക്കാർ ടെലിഗ്രാം ആപ്പ് നിരോധിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുറ്റവാളികളെ പിടികൂടുന്നതിന് പകരം ഇരകളുടെ വീടിന് പൂട്ടിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെ പരിഹസിച്ചു.

ലക്ഷക്കണക്കിന് വിദ്യാർഥികൾ വർഷങ്ങളായി പഠനാവശ്യങ്ങൾക്കും നോട്സ്, ടെസ്റ്റ് സീരീസ്, ചർച്ചകൾ എന്നിവക്കും വേണ്ടി ടെലഗ്രാമിനെയാണ് ആശ്രയിക്കുന്നത്. ഈ സൗകര്യം ഇല്ലാതാക്കുന്നത് പേപ്പർ ചോർച്ചക്കുള്ള പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.പേപ്പർ ചോർച്ച തടയാൻ പേപ്പർ മാഫിയക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഇത്തരം തന്ത്രങ്ങൾ പയറ്റുന്നത് സർക്കാരിന്റെ പിടിപ്പുകേടാണ്

. ഇത് ഫലപ്രദമല്ലെന്ന് വിദ്യാർഥികൾക്കും മാഫിയകൾക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി വാട്സാപ്പും നിരോധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.പേപ്പർ ചോർത്തുന്ന മാഫിയകൾക്ക് ഈ സർക്കാരിന്റെ കീഴിൽ വളരാൻ അവസരം ലഭിക്കുന്നുവെന്നും, യുവാക്കളുടെ ഭാവിയുമായി സർക്കാർ കളിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ അഭ്യർഥന പ്രകാരം ജൂൺ 22വരെ ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.

ഈ സാഹചര്യത്തിലാണ്, ‘മാഫിയക്കെതിരെ നടപടിയെടുക്കൂ, വിദ്യാർഥികൾക്കെതിരെയല്ല’ എന്ന മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) കേൾക്കാൻ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം യുവാക്കൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ അറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ടെലിഗ്രാം പ്ലാറ്റ്‌ഫോമിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ചോദ്യം ചെയ്ത് കമ്പനി ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകയിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിനും സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനുമായാണ് കേന്ദ്രം ടെലിഗ്രാമിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ, ഈ നടപടി നിയമവിരുദ്ധമാണെന്നും പ്ലാറ്റ്‌ഫോമിനെ അനാവശ്യമായി ലക്ഷ്യം വെക്കുകയാണെന്നുമാണ് കമ്പനിയുടെ നിലപാട്.

Tags:    
News Summary - Telegram Ban: Rahul Gandhi Slams Modi Govt, Says 'Punish Mafia, Not Students'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.