പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പോത്തിറച്ചി വിൽപ്പനയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ. കേന്ദ്ര സർക്കാർ ക്ഷീരവികസന മേഖലയിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികളിലൂടെയാണ് ഇറച്ചി കയറ്റുമതിയുടെയും പാൽ ഉത്പാദനത്തിന്റെയും അളവിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ ഇറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ആദ്യ പത്ത് സ്ഥാനങ്ങളിലെ പട്ടികയിൽ ഇന്ത്യൻ ഇടം പിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശാണ് ഇറച്ചി കയറ്റുമതിയിൽ രാജ്യത്ത് ഒന്നാമത്. ആഗോള വിപണിയിൽ താരിഫുകളും മറ്റ് വെല്ലുവിളികളും നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള പോത്തിറച്ചി കയറ്റുമതിയിൽ അതിവേഗ വർധനയാണ് രേഖപ്പെടുത്തുന്നത്.
2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസകാലയളവിൽ ഏകദേശം 1,493 മില്യൺ ഡോളറിന്റെ (14,241 കോടി രൂപ) പോത്തിറച്ചിയാണ് ഇന്ത്യയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിട്ടുള്ളത്. ഇത് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 597 മില്യൺ (കഴിഞ്ഞ സാമ്പത്തിക വർഷം 896 മില്യൺ ഡോളറിന്റെ കച്ചവടം ചെയ്തു) ഡോളറിന്റെ അധിക വരുമാനം നേടിയെടുക്കാൻ രാജ്യത്തിന് കഴിഞ്ഞു. ഉത്തർപ്രദേശിന് പുറമെ ഹരിയാന, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പോത്തിറച്ചി കയറ്റുമതിയിൽ ഒട്ടും പിന്നിലല്ല.
ഇന്ത്യയിൽ നിന്നുള്ള പോത്തിറച്ചിയുടെ പ്രധാന ഗുണഭോക്താക്കൾ പശ്ചിമേഷ്യൻ രാജ്യങ്ങളാണ്. കൂടാതെ, വിയറ്റ്നാം, മലേഷ്യ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന പോത്തിറച്ചി ഉപയോഗിക്കുന്നുണ്ട്. പശു, കാള തുടങ്ങിയ മാംസം കയറ്റുമതി ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള പശ്ചാത്തലത്തിൽ ബഫലോ മീറ്റ്, പോൾട്രി, ആട് തുടങ്ങിയ മാംസവും സംസ്കരിച്ച മാംസവുമാണ് വലിയ രീതിയിൽ കയറ്റുമതി ചെയ്യുന്നത്.
അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്.എം.എ അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ്, അൽ കബീർ എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, മിർഹ എക്സ്പോർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോത്തിറച്ചി കയറ്റുമതി ചെയ്യുന്ന പ്രധാന കമ്പനികൾ. മികച്ച വിദേശ വിപണികൾ കണ്ടെത്തിയതോടെ പോത്തിറച്ചി കയറ്റുമതിയിൽ ഇനിയും വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യൻ വിപണിക്ക് പിന്നാലെ യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി വ്യാപിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.