ഗുരുതര നിയമലംഘനം; ‘സ്വിറ്റ്സ്’ ഫുഡ്സിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ 'സ്വിറ്റ്സ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡി'ന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). സ്വിറ്റ്സിന്റെ നിർമാണ യൂനിറ്റിൽ നടത്തിയ പരിശോധനയിൽ അതീ ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. വൃത്തിഹീനവുമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നതും പാക്ക് ചെയ്യുന്നതും സൂക്ഷിക്കുന്നതുമെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. ഇത് ഭക്ഷ്യവസ്തുക്കളിൽ വലിയ തോതിൽ മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് വിലയിരുത്തൽ. കണ്ടെത്തിയ വീഴ്ചകൾ പരിഹരിച്ച് 2006ലെ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നതുവരെ സ്ഥാപനത്തിന്റെ എല്ലാവിധ ഉത്പാദന-വിതരണ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്.

സ്ഥാപനത്തിലെ ശുചിത്വപരിപാലനം പൂർണമായും തൃപ്തികരമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. നിർമാണ യൂനിറ്റിൽ ഈച്ചകൾ, കൊതുകുകൾ എന്നിവയുടെ വ്യാപകമായ ശല്യവും ഭിത്തികളിൽ ചിലന്തിവലകളും കണ്ടെത്തിയിട്ടുണ്ട്. തറയിലെ ടൈലുകൾ പൊട്ടിയ നിലയിലും മൂലകൾ എണ്ണമയവും അഴുക്കും പിടിച്ച നിലയിലുമായിരുന്നു. അസംസ്കൃത വസ്തുക്കളും പകുതി തയാറാക്കിയ ഭക്ഷണസാധനങ്ങളും മൂടിവെക്കാതെ തുറന്നുവെച്ച നിലയിലായിരുന്നുവെന്നും കണ്ടെത്തി.

ക്രേറ്റുകൾ കഴുകുന്ന സ്ഥലം, റിസപ്ഷൻ, വാഷിങ് ഏരിയ, കാരറ്റ് കട്ടിങ് മെഷീൻ എന്നിവ അത്യന്തം വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിച്ചിരുന്നത്. യന്ത്രസാമഗ്രികൾ, എച്ച്.ഡി.പി.ഇ ക്രേറ്റുകൾ, ട്രേകൾ, ട്രോളികൾ, മൗൾഡുകൾ, ഹീറ്റഡ് കെറ്റിലുകൾ എന്നിവയൊന്നും കൃത്യമായി വൃത്തിയാക്കുകയോ പരിപാലിക്കുകയോ ചെയ്തിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

മാലിന്യ നിക്ഷേപ പെട്ടികൾക്കും ഡ്രെയിനേജ് സംവിധാനങ്ങൾക്കും കൃത്യമായ മൂടികൾ ഉണ്ടായിരുന്നില്ല. കൂടാതെ, അസംസ്കൃത വസ്തുക്കളും പൂർത്തിയായ ഉൽപന്നങ്ങളും വെവ്വേറെ സൂക്ഷിക്കുന്നതിലും സസ്യ-സസ്യേതര ഭക്ഷണ സാധനങ്ങൾ വേർതിരിച്ചു വെക്കുന്നതിലും കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.

Tags:    
News Summary - Serious violation; Food Safety Authority of India suspends license of 'Switz' Foods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.