ഡിവൈഡറിൽ ഇടിച്ച കാർ നിമിഷങ്ങൾക്കകം തീപിടിച്ചു, ന്യൂറോസർജന് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദ്: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചതിന് പിന്നാലെ തീപിടിച്ച് ഡോക്ടർക്ക് ദാരുണാന്ത്യം. ഖമ്മം സ്വദേശിയും മമത ആശുപത്രിയിലെ ന്യൂറോസർജൻ ഡോ. കസകുർത്തി ജഗദീഷ് (50) ആണ് അപകടത്തിൽ മരിച്ചത്.

അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സൂര്യപേട്ട് ഖമ്മം ഹൈവേയിൽ പിള്ളലമരിക്ക് സമീപം ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. സി.സി.ടി.വി ദൃശ്യങ്ങളിൽ അതിവേഗ പാതയിലൂടെ എത്തിയ കാർ പെട്ടെന്ന് ഇടത്തേക്ക് തിരിയുന്നതും പാതകൾ മുറിച്ചുകടന്ന് റോഡിലെ ഡിവൈഡറിൽ ഇടിക്കുന്നതും കാണാം. ഇടിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ കാറിൽ തീപടരുകയായിരുന്നു. തീപിടിത്തത്തിൽ കാർ മുഴുവനായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന ജഗദീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഖമ്മത്തിൽ നിന്ന് ഹൈദരാബാദിലേക്ക് കുടുംബത്തെ കാണാൻ പോകുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പുതന്നെ വാഹനം പൂർണമായി കത്തിയമർന്നിരുന്നു. തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ജഗദീഷാണെന്ന് സ്ഥിരീകരിച്ചത്.

അപകടത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു. ഡ്രൈവിങ്ങിനിടെ ജഗദീഷ് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

Tags:    
News Summary - CCTV Captures Telangana Neurosurgeons Car Crash Vehicle Bursts Into Flames

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.