പട്ടച്ചരട് കുരുങ്ങി; കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഹൈദരാബാദ്: പട്ടച്ചരട് കഴുത്തിൽ കുരുങ്ങിയ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മൂർച്ചയുള്ള ചരട് കഴുത്ത് മുറിക്കുകയായിരുന്നു. തെലങ്കാനയിലെ മാഞ്ചേരിയൽ ടൗണിലാണ് സംഭവം. ഭീമയ്യ (39) എന്നയാളാണ് മരിച്ചത്.

ജനുവരി 15ന് വൈകീട്ട് ഭാര്യയോടൊപ്പം ബൈക്കിൽ പോകവേയായിരുന്നു സംഭവം. വിരൽ മുറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പോയി തിരികെ വരികയായിരുന്നു ഇവർ.

ബൈക്ക് പെട്ടെന്ന് നിർത്തിയപ്പോഴാണ് ഭർത്താവിന്‍റെ കഴുത്തിൽ പട്ടച്ചരട് മുറുകിയത് കണ്ടതെന്ന് ഭാര്യ ശാരദ പറഞ്ഞു. കഴുത്ത് മുറിഞ്ഞ് രക്തം പ്രവഹിക്കുകയും ചെയ്തു. ചരട് മാറ്റി ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഏറെ രക്തം നഷ്ടമായിരുന്നു. വഴിമധ്യേ തന്നെ ഇയാൾ മരിച്ചതായി പൊലീസ് പറഞ്ഞു.

മത്സരത്തിന് ഉപയോഗിക്കുന്ന പട്ടങ്ങളുടെ ചരടിൽ ചില്ല് പൊടിച്ച് ചേർക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. മത്സരത്തിനിടെ ചരടിൽ കുരുങ്ങുന്ന മറ്റ് പട്ടങ്ങളെ മുറിച്ച് ഒഴിവാക്കുന്നതിനായാണ് ചില്ല് പൊടിച്ച് ചരടിൽ ചേർക്കുന്നത്. ഇതാണ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതും.   

Tags:    
News Summary - Telangana man on bike dies after manja hanging from tree slashes his throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.