സവർക്കർ പിന്തുണച്ചത് ബ്രിട്ടീഷുകാരെ; സലാർജംങ് മ്യൂസിയത്തിലെ ചിത്രം നീക്കം ചെയ്യണമെന്ന് കോൺഗ്രസ്

ഹൈദരാബാദ്: ഇന്ത്യയിലെ മൂന്നാമത്തെ വലിയ മ്യൂസിയമായ സലാർജംങ് മ്യൂസിയത്തിൽ നിന്ന് ആ​ർ.​എ​സ്.​എ​സ് സൈ​ദ്ധാ​ന്തി​ക​ൻ വി.ഡി സവർക്കറുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യവുമായി തെലങ്കാന കോൺഗ്രസ്. സവർക്കറുടെ ചിത്രത്തിന് പകരം ഭഗത് സിങ്, മഹാത്മ ഗാന്ധി, ഹൈദരാബാദ് നിസാം തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രം മ്യൂസിയത്തിൽ സ്ഥാപിക്കണമെന്നും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഉസ്മാൻ മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. മ്യൂസിയം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഉസ്മാൻ മുഹമ്മദ് ഖാൻ.

മ്യൂസിയം സന്ദർശിച്ചപ്പോൾ സങ്കടം തോന്നിയെന്നും നിസാമിന്‍റെ ചിത്രത്തിന് പകരം സവർക്കറുടെ ചിത്രം സ്ഥാപിക്കാനുള്ള തീരുമാനം ശരിയല്ലെന്നും മുഹമ്മദ് ഖാൻ പറഞ്ഞു. നിസാമിന്‍റെ കുടുംബം മ്യൂസിയത്തിന് വേണ്ടി നിരവധി പുരാവസ്തുക്കൾ കൈമാറിയിട്ടുണ്ട്. സവർക്കർ ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ല. അദ്ദേഹം ബ്രിട്ടീഷുകാരെ പിന്തുണക്കുകയാണ് ചെയ്തത്. സവർക്കറുടെ ചിത്രം സലാർ ജംങ് മ്യൂസിയത്തിൽ വെക്കുന്നത് ലജ്ജാകരമാണെന്നും അപലപിക്കുന്നതായും മുഹമ്മദ് ഖാൻ പറഞ്ഞു.

ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസി വിഷയത്തിൽ കാര്യമായി ഇടപെടണം. മ്യൂസിയം ഉവൈസിയുടെ അധികാരപരിധിയിലാണ്. പ്രദേശത്തെ എം‌.എൽ.‌എയും മെമ്പറും എ‌.ഐ‌.എം‌.ഐ‌.എമ്മിന്റേതാണ്. ഇത്രയും വലിയ പ്രശ്‌നം നടന്നിട്ടും പാർട്ടി ഇടപെടാത്തത് ശരിയല്ലെന്നും വിവാദ ചിത്രം ഉടനെ നീക്കം ചെയ്യണമെന്നും മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.

ഹൈദരാബാദ് നഗരത്തിൽ മുസി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സലാർജംങ് മ്യൂസിയം, ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ദേശീയ മ്യൂസിയങ്ങളിൽ ഒന്നാണ്. മ്യൂസിയത്തിലുള്ള എല്ലാ സൃഷ്ടികളും സലാർജംങ് കുടുംബത്തിന്റെ സ്വകാര്യ ശേഖരമായിരുന്നു. 1889ല്‍ ജനിച്ച നവാബ് മിര്‍ യൂസുഫ് അലി ഖാന്‍ സലാര്‍ജംങ് മൂന്നാമനാണ് ഈ വസ്തുക്കളില്‍ ബഹുഭൂരിപക്ഷവും ശേഖരിച്ചത്. സലാർജംങ് മൂന്നാമന്റെ മരണശേഷം സ്വകാര്യ ശേഖരം രാജ്യത്തിന് കൈമാറി. 1951 ഡിസംബർ 16ന് ജവഹർലാൽ നെഹ്‌റുവാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

Tags:    
News Summary - Telangana Congress urges state govt to remove Veer Savarkar's portrait from museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.