കമ്മിറ്റി ചെയർമാൻ തന്നെ കോൺഗ്രസിലേക്ക് പോയി; തെലങ്കാനയിൽ പ്രകടനപത്രിക പുറത്തിറക്കാനാവാതെ ബി.ജെ.പി

ഹൈദരാബാദ്: പ്രകടനപത്രിക കമ്മിറ്റി ചെയർമാൻ കോൺഗ്രസിലേക്ക് പോയതിനാൽ തെലങ്കാനയിൽ പ്രകടനപത്രിക പുറത്തിറക്കാനാവാതെ ബി.ജെ.പി. തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രമാണ് ബാക്കിയുള്ളത്.

തെരഞ്ഞെടുപ്പ് പത്രിക തയാറാക്കാനുള്ള മുഴുവൻ പ്രവർത്തനങ്ങളും കമ്മിറ്റി ചെയർമാൻ വിവേക് വെങ്കട്സ്വാമി കോൺഗ്രസിലേക്ക് പോയതോടെ നിശ്ചലാവസ്ഥയിലാണ്. കഴിഞ്ഞ മാസമാണ് 29 അംഗ പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനായി ബി.ജെ.പി വിവേക് വെങ്കട്സ്വാമിയെ നിയമിച്ചത്. കമ്മിറ്റിയുടെ കൺവീനറോ ജോയിന്‍റ് കൺവീനറോ പോലും സജീവമല്ല.

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിൽ അംഗമായിരുന്ന വിവേക് ​​കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ വെച്ച് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കോൺഗ്രസിൽ ചേർന്നത്. ചേന്നൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായി തിങ്കളാഴ്ച വിവേകിന്‍റെ പേര് കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു.

വിവേകിന്റെ രാജിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോമാട്ടിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയും ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു. പാർട്ടിയുടെ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തലവനായിരുന്നു അദ്ദേഹം. നടിയും മുൻ എം.പിയുമായ വിജയശാന്തിയെ സമരസമിതി അധ്യക്ഷയായി നിയമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിജയശാന്തിയും പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ഡി.കെ.അരുണയെ ഇൻഫ്ലുവൻസർ ഔട്ട്‌റീച്ച് കമ്മിറ്റിയുടെ തലവനായി നിയമിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അരുണ കോൺഗ്രസിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

Tags:    
News Summary - Telangana BJP’s manifesto nightmare: Members jumping ship or inactive ahead of elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.