ബംഗളൂരു: നാടകീയതകൾക്കൊടുവിൽ ബംഗളൂരു സൗത്തിൽ അന്തരിച്ച മുൻ കേന്ദ്ര മന്ത്രി അനന് ത്കുമാറിെൻറ ഭാര്യ തേജസ്വിനി അനന്ത്കുമാറിനെ അവസാന നിമിഷം ഒഴിവാക്കി യുവമോർച്ച നേ താവ് തേജസ്വി സൂര്യയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം. ബംഗളൂരു സൗ ത്തിൽ സാമൂഹിക പ്രവർത്തകയായ തേജസ്വിനിയുടെ പേരായിരുന്നു തുടക്കം മുതൽ പരിഗണിച്ചി രുന്നത്.
യെദിയൂരപ്പ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെ തേജസ്വിനി പ്രചാരണവും തുടങ്ങിയിരുന്നു. എന്നാൽ, മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴും ബംഗളൂരു സൗത്തിെൻറ കാര്യത്തിൽ ‘സസ്പെൻസ്’ തുടരുകയായിരുന്നു. വാരാണസിക്ക് പുറമെ രണ്ടാം സീറ്റായി ബംഗളൂരു സൗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നാമനിർദേശ പത്രിക നൽകാൻ ഒരു ദിവസം ബാക്കിനിൽക്കെ തിങ്കളാഴ്ച അർധരാത്രി, ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയായി തേജസ്വി സൂര്യയെ കളത്തിലിറക്കിയത്.
ബി.ജെ.പി ദേശീയ സമൂഹമാധ്യമ അംഗവും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് 28കാരനായ തേജസ്വി സൂര്യ. ദക്ഷിണേന്ത്യയിൽനിന്ന് കേന്ദ്രത്തിലേക്ക് പുതിയൊരു നേതാവിനെ ഉയർത്തിക്കൊണ്ടുവരാനുള്ള കേന്ദ്ര നേതൃത്വത്തിെൻറ തീരുമാനമാണ് അപ്രതീക്ഷിതമായി തേജസ്വിയെ സുരക്ഷിത മണ്ഡലമായ ബംഗളൂരു സൗത്തിലെത്തിച്ചത്. അന്തരിച്ച കേന്ദ്ര മന്ത്രി എച്ച്.എൻ. അനന്ത്കുമാര്‍ 1996 മുതല്‍ തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ് ബംഗളൂരു സൗത്ത്.
അതേസമയം, അനന്ത്കുമാറിെൻറ ഭാര്യ തേജസ്വിനി അനന്ത്കുമാറിനെ ഒഴിവാക്കിയതിൽ പ്രവർത്തകരും ബി.ജെ.പി സംസ്ഥാന നേതൃത്വവും അമർഷത്തിലാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ യെദിയൂരപ്പ ഉൾപ്പെടെ തേജസ്വിനിയുടെ പേരാണ് നിർദേശിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ തേജസ്വിനി അനന്ത്കുമാറിെൻറ വസതിയിൽ സ്ഥാനാർഥിയായ തേജസ്വി സൂര്യ, രാജീവ് ചന്ദ്രശേഖർ എം.പിക്കൊപ്പം എത്തിയപ്പോൾ ഒരുവിഭാഗം ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായെത്തി. തേജസ്വി സൂര്യക്കെതിരെ മുദ്രാവാക്യം വിളിയുമുണ്ടായി. അനന്ത്കുമാറാണ് പൊതുജീവിതത്തിലെ തെൻറ ആദ്യ ഗുരുവെന്നും തേജസ്വിനി അനന്ത്കുമാർ തനിക്ക് അമ്മയെ പോലെയാണെന്നുമാണ് തേജസ്വി സൂര്യ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.