പട്ന: തന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അവകാശവാദം കിംവദന്തിയെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. റെയ്ഡിനു ശേഷം പിടിച്ചെടുത്ത സാധനങ്ങളുടെ പട്ടിക പരസ്യമാക്കിയാൽ ബി.ജെ.പിക്ക് നാണക്കേടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2007ൽ പിതാവ് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ മാളുകളും നൂറുകണക്കിന് ഭൂമി പ്ലോട്ടുകളും ഉൾപ്പെടെ 8,000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി ആരോപണം ഉയർന്നത് ഓർക്കണമെന്നും തേജസ്വി ട്വീറ്റ് ചെയ്തു. ഗുരുഗ്രാമിൽ നിന്ന് പിടിച്ചെടുത്ത സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാളുമായി തന്റെ പേര് ബന്ധപ്പെടുത്തിയിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർ.ജെ.ഡി നേരത്തേ വ്യക്തമാക്കിയിരുന്നു.
തേജസ്വി ഉൾപ്പെടെ ലാലു പ്രസാദിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളിൽ ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഒരു കോടി രൂപയുടെ കണക്കിൽപെടാത്ത പണം കണ്ടെത്തിയതായും 600 കോടിയുടെ അഴിമതിയാണ് ചുരുളഴിയാൻ പോകുന്നതെന്നും ഇ.ഡി പറഞ്ഞിരുന്നു. കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദിനെയും ഭാര്യ റാബ്രി ദേവിയെയും സി.ബി.ഐ അടുത്തിടെ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.