പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. സമയമാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പട്‌നയിൽ നിന്ന് അഞ്ച് ദിവസത്തെ ബീഹാർ അധികാർ യാത്രക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തേജസ്വി.
സഖ്യത്തിൽ യാതൊരുതരത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ല. ജനങ്ങളാണ് അധികാരികൾ, അവരാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഇത്തവണ അവർ മാറ്റം ആഗ്രഹിക്കുന്നു. ബിഹാറിലെ ഓരോ ജനങ്ങളോടും നിങ്ങൾ ചോദിച്ചു നോക്കു, ആരാകണം മുഖ്യമന്ത്രി എന്ന്. അവർ പറയും അതിനുള്ള ഉത്തരം- തേജസ്വി യാദവ് പറഞ്ഞു.
മുഖ്യമന്ത്രിയാണെങ്കിലും നിതീഷ് പൂർണമായും ബി.ജെ.പിയുടെ ആജ്ഞാനുവർത്തിയായി. ഡൽഹിയിൽ നിന്നാണ് ബിഹാർ സർക്കാർ എങ്ങിനെ ചലിക്കണമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സീറ്റ് വിഭജനത്തിൽ ഉടക്കി ആർജെഡി ബിഹാറിൽ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന വാർത്തകളുണ്ടായിരുന്നു. ബിഹാറിലെ മുഴുവൻ സീറ്റുകളിലും തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള തേജസ്വിയുടെ പ്രസംഗം വൻ തോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു. പിന്നാലെ, ഇന്ത്യ സഖ്യത്തിൽ വിള്ളൽ എന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വിശദീകരണവുമായി തേജസ്വി തന്നെ രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.