തേജസ്വി യാദവ്

‘മകര സംക്രാന്തിക്ക് സ്ത്രീകൾക്ക് 30,000 രൂപ’: ബിഹാറിൽ തേജസ്വി യാദവിന്‍റെ വമ്പൻ പ്രഖ്യാപനം

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്. അധികാരത്തിലെത്തിയാൽ അടുത്ത ജനുവരിയിൽ സ്ത്രീകൾക്ക് 30,000 രൂപ വാർഷിക ധനസഹായം നൽകുമെന്നാണ് പ്രധാന പ്രഖ്യാപനം. എൻ‌.ഡി‌.എയുടെ മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജനക്കുള്ള മറുപടിയായാണ് തേജസ്വിയുടെ പ്രഖ്യാപനം. എൻ.ഡി.എ ഇതിനകം തന്നെ ഒരുകോടിയിലേറെ സ്ത്രീകൾക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനായി 10,000 രൂപ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.

മകര സംക്രാന്തി ദിനമായ ജനുവരി 14ന് 'മയി ബഹിൻ മാൻ യോജന' പ്രകാരം സ്ത്രീകൾക്ക് 30,000 രൂപ നൽകുമെന്നാണ് തേജസ്വിയുടെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ച പ്രതിപക്ഷം പുറത്തിറക്കിയ പ്രകടന പത്രിക പ്രകാരം, ഡിസംബർ ഒന്ന് മുതൽ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായവും അടുത്ത അഞ്ച് വർഷത്തേക്ക് പ്രതിവർഷം 30,000 രൂപയും വാഗ്ദാനം ചെയ്തിരുന്നു. ഇതാണിപ്പോള്‍ ഒറ്റയടിക്ക് നല്‍കുമെന്ന് തേജസ്വി യാദവ് പറയുന്നത്.

സഖ്യം അധികാരത്തിലെത്തുന്ന പക്ഷം താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് 300 രൂപയും ഗോതമ്പിന് ക്വിന്റലിന് 400 രൂപയും വീതം നല്‍കുമെന്നും തേജസ്വി പറഞ്ഞു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. സർക്കാർ ജീവനക്കാരെ അവരുടെ സ്വന്തം ജില്ലക്ക് 70 കിലോമീറ്റർ പരിധിക്കുള്ളിൽ മാറ്റി നിയമിക്കുമെന്നും തേജസ്വി പറഞ്ഞു. നേരത്തെ അധികാരത്തിൽ വന്നാൽ എല്ലാ കുടുംബത്തിൽനിന്നും ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം വാദ്ഗാദം ചെയ്തിരുന്നു. 20 മാസത്തിനകം ഇത് നടപ്പാക്കും. ചരിത്രപരവും വിപ്ലവകരവുമായ തീരുമാനമെന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് നവംബർ ആറിനും 11നുമായി രണ്ട് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14നാണ്. സംസ്ഥാനത്ത് 742 കോടി വോട്ടർമാരാണുള്ളത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ 65 ലക്ഷം പേരെ പുറത്താക്കിയിരുന്നു. 2020ൽ 110 സീറ്റിൽ മത്സരിച്ച ബി.ജെ.പി 74 ഇടത്ത് വിജയിച്ചു. 115 സീറ്റിൽ മത്സരിച്ച ജെ.ഡി.യു 43 ഇടത്തും വിജയിച്ചു

Tags:    
News Summary - Tejashwi Yadav Announces Rs 30,000 Aid For Women On Makar Sankranti If Voted To Power In Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.