കോടതി തുണച്ചു; ജവാനെ ഭാര്യക്ക് കാണാം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് കരിഞ്ഞ ചപ്പാത്തിയും നീട്ടിക്കലക്കിയ മഞ്ഞള്‍ കറിയും കഴിക്കാന്‍ കിട്ടുന്നതിനെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ച് പുലിവാല്‍ പിടിച്ച ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി. 
ഭര്‍ത്താവിനെ അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശര്‍മിള യാദവ് വ്യാഴാഴ്ച ഡല്‍ഹി ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു. ഭര്‍ത്താവിനെ കാണാന്‍ ശര്‍മിളയെ എന്തുകൊണ്ട് അനുവദിച്ചു കൂടാ എന്ന കോടതിയുടെ ചോദ്യത്തിനു മുമ്പില്‍ ആഭ്യന്തര മന്ത്രാലയത്തിനും ബി.എസ്.എഫ് അധികൃതര്‍ക്കും ഉത്തരം മുട്ടി. ബി.എസ്.എഫ് ഓഫിസര്‍മാര്‍ ഇത്തരത്തില്‍ നിര്‍വികാരമായ അലംഭാവം കാണിക്കാന്‍ പാടില്ളെന്ന് ജസ്റ്റിസ് ജി.എസ്. സിസ്താനിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. 

ഭര്‍ത്താവിനെ കാണുന്നില്ളെങ്കിലും മൊബൈലില്‍ വിളിക്കുന്നുണ്ടെന്ന് വരുത്താന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയിന്‍ മുഖേന സര്‍ക്കാര്‍ ഫോണ്‍വിളികളുടെ ചാര്‍ട്ട് ഹാജരാക്കിയിരുന്നു. ഫെബ്രുവരി ഏഴുവരെ തേജ്ബഹാദൂറും ഭാര്യയും ഫോണില്‍ സംസാരിച്ചുവെന്നാണ് കോള്‍ലിസ്റ്റില്‍ കാണിച്ചത്. എന്നാല്‍ അത് കോടതിയെ തൃപ്തിപ്പെടുത്തിയില്ല. ഭാര്യക്ക് ആശങ്ക ഉണ്ടാകുന്നത് ന്യായമാണെന്നും തേജ്ബഹാദൂര്‍ അറസ്റ്റിലല്ളെന്ന് കോടതിയില്‍ കേന്ദ്രം എഴുതി നല്‍കണമെന്നും ശര്‍മിളയുടെ അഭിഭാഷകന്‍ മനീഷ് തിവാരി വാദിച്ചു. മൊബൈല്‍ ഫോണ്‍വരെ പിടിച്ചെടുത്തിരിക്കുകയാണ്. ബി.എസ്.എഫ് ജവാന്‍െറ സ്വയംവിരമിക്കല്‍ അനുമതിയും റദ്ദാക്കിയ കാര്യം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മോശം ഭക്ഷണം കിട്ടുന്നതിനെക്കുറിച്ച വിഡിയോ പുറത്തുവിട്ടതു സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി കടന്നില്ല. മനോസമ്മര്‍ദം കൊണ്ട് മനുഷ്യന്‍ പെരുമാറുന്നതില്‍ പല കാര്യങ്ങളുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. 

കോടതിയുടെ ഉറച്ച നിലപാട് വന്നതോടെ, ശര്‍മിളക്ക് തേജ്ബഹാദൂറിനെ കാണുന്നതില്‍ എതിര്‍പ്പില്ളെന്ന് ബി.എസ്.എഫ് വഴങ്ങി. ജവാനെ അറസ്റ്റു ചെയ്യുകയല്ല, മറ്റൊരു യൂനിറ്റിലേക്ക് മാറ്റുകയാണ് ചെയ്തതെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചു നോക്കിയിരുന്നു. കോടതി നിര്‍ദേശത്തിന്‍െറ പിന്‍ബലത്തോടെ, പൂഞ്ചിനടുത്ത സാംബയിലെ 88ാം ബി.എസ്.എഫ് ബറ്റാലിയന്‍ ആസ്ഥാനത്തുള്ള തേജ്ബഹാദൂറിനെ കാണാന്‍ ശര്‍മിള ഉടന്‍ പുറപ്പെടും. രണ്ടു രാത്രി അവിടെ തങ്ങുന്നതിന് അവര്‍ക്ക് ക്രമീകരണം ഒരുക്കും. ഈ കൂടിക്കാഴ്ചക്കു ശേഷം കേസ് വീണ്ടും ഈ മാസം 15ന് കോടതി പരിഗണിക്കും. ദീര്‍ഘനേരത്തെ ജോലികഴിഞ്ഞ് വിശന്ന വയറുമായാണ് പലപ്പോഴും ഉറങ്ങാന്‍ പോകേണ്ടി വരുന്നതെന്ന് തേജ്ബഹാദൂര്‍ പുറത്തുവിട്ട വിഡിയോയില്‍ പറഞ്ഞിരുന്നു. 10 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്.

Tags:    
News Summary - Tej Bahadur in Samba, not missing: BSF informs jawan's wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.