ന്യൂഡൽഹി: ചോദ്യപേപ്പറിൽ ഇന്ത്യയിലെ മുസ്ലിംകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിന് അധ്യാപകനെ സസ്പെൻഡ് ചെയ്തതിൽ ജാമിഅ മില്ലിയ സർവകലാശാല അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ. ബി.എ ഒന്നാംവർഷ സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ‘ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ’ എന്ന പേപ്പറിൽ ‘ഇന്ത്യയിൽ മുസ്ലിംകൾക്കെതിരായ അതിക്രമങ്ങൾ ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുക’ എന്ന ചോദ്യം നൽകിയതിന് പ്രഫസർ വീരേന്ദ്ര ബാലാജി ഷഹാരെയെയാണ് ചൊവ്വാഴ്ച രാത്രി സർവകലാശാല സസ്പെൻഡ് ചെയ്തത്.
അധ്യാപകന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും അശ്രദ്ധയും ഉണ്ടായതായി ജാമിഅ മില്ലിയ രജിസ്ട്രാർ പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ചോദ്യം ഉൾപ്പെടുത്തിയത് സംബന്ധിച്ച് നിരവധി പരാതികൾ വന്നതിന് പിന്നാലെയാണ് നടപടിയെന്നും വീരേന്ദ്ര ബാലാജിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും സർവകലാശാല വ്യക്തമാക്കി. അതേസമയം, അധ്യാപകന് ഐക്യദാർഢ്യവുമായി കാമ്പസിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധ റാലി നടത്തി.
ഐസ, എസ്.എഫ്.ഐ, എം.എ.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എസ്.ഐ.ഒ തുടങ്ങിയ ഒമ്പതോളം സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ജാമിഅ മില്ലിയ ആർ.എസ്.എസ് ശാഖയല്ലെന്നും അധ്യാപകന്റെ സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.