ചണ്ഡീഗഡ്: ഹരിയാനയിലെ റോഹ്തക്കിൽ പരിശീലനത്തിനിടെ ബാസ്കറ്റ്ബാൾ റിങ്ങിന്‍റെ ഇരുമ്പ് തൂൺ ദേഹത്ത് വീണ് 16കാരൻ മരിച്ചു. ദേശീയതല ബാസ്കറ്റ്ബാൾ പ്ലേയറാണ് മരിച്ച വിദ്യാർഥി. ഗുരുതരാവസ്ഥയിലായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.
കംഗ്രയിൽ നടന്ന 47-ാമത് സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പ്, ഹൈദരാബാദിൽ നടന്ന 49-ാമത് സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പ്, പുതുച്ചേരിയിൽ നടന്ന 39-ാമത് യൂത്ത് ദേശീയ ചാമ്പ്യൻഷിപ്പ് എന്നിവയുൾപ്പെടെ നിരവധി ദേശീയതല ബാസ്കറ്റ്ബാൾ മത്സരങ്ങളിൽ മെഡലുകൾ നേടിയ താരത്തെയാണ് ദാരുണമായ അപകടത്തിലൂടെ നഷ്ടമായത്.
ലഖൻ മജ്‌റ ഗ്രാമത്തിലെ സ്‌പോർട്‌സ് ഗ്രൗണ്ടിൽ രാവിലെ 10 മണിയോടെയാണ് അപകടം. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിദ്യാർഥി ബാസ്കറ്റ്ബാൾ റിങ്ങിൽ തൂങ്ങിക്കിടന്നപ്പോഴാണ് തൂൺ തകർന്ന് വീണത്. ബാസ്കറ്റ്ബാൾ റിങ് വിദ്യാർഥിയുടെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. ഗ്രൗണ്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് തൂൺ ഉയർത്തുമ്പോൾ അപകടത്തിൽപ്പെട്ടയാൾ എഴുന്നേൽക്കാൻ പാടുപെടുന്നത് ദൃശ്യങ്ങളിൽ കാണാം.
രണ്ട് ദിവസം മുമ്പ് ബഹദൂർഗഡിൽ സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ബഹാദൂർഗഡിലെ ഹോഷിയാർ സിങ് സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബാൾ തൂൺ വീണ് പരിക്കേറ്റ 15കാരൻ മരണപ്പെട്ടിരുന്നു. ഈ സംഭവങ്ങൾ ഹരിയാനയിലെ അടിസ്ഥാന കായിക സൗകര്യങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.