മുംബൈ മെട്രോയിൽ സാങ്കേതിക തകരാർ; 50 മിനിറ്റോളം സർവീസ് മുടങ്ങി, വലഞ്ഞ് യാത്രക്കാർ

മുംബൈ: സാങ്കേതിക തകരാറിനെതുടർന്ന് മുംബൈ മെട്രോ ലൈൻ 3-ൽ സർവീസ് തടസ്സപ്പെട്ടു. ഏകദേശം 50 മിനിറ്റോളമാണ് സർവീസ് തടസ്സപ്പെട്ടത്. ഔദ്യോഗിക വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ ട്രെയിനുകൾക്കുള്ളിൽ ശ്വാസം മുട്ടുന്ന അവസ്ഥയിലായിരുന്നു തങ്ങളെന്ന് കുടുങ്ങിക്കിടന്ന യാത്രക്കാർ ആരോപിച്ചു.

തെക്കൻ മുംബൈയിലെ കഫ് പരേഡ് മുതൽ വടക്കൻ മുംബൈയിലെ ആരെ ജെ.വി.എൽ.ആർ വരെ 33.5 കിലോമീറ്റർ നീളമുള്ള 'അക്വാ ലൈൻ' എന്നറിയപ്പെടുന്ന പാതയിൽ തിരക്കേറിയ സമയത്താണ് സർവീസ് തടസ്സപ്പെട്ടത്. പെട്ടെന്നുണ്ടായ തകരാർ കാരണം ട്രെയിനുകൾ നിന്നതോടെ നിമിഷങ്ങൾക്കകം സ്റ്റേഷനുകളിൽ വൻ ജനക്കൂട്ടം തടിച്ചുകൂടുകയും ചെയ്തു. ഈ സമയത്ത് കടുത്ത മാനസിക സമ്മർദ്ദവും ബുദ്ധിമുട്ടും അനുഭവിച്ചതായും മെട്രോ ജീവനക്കാരുമായി ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ലെന്നും യാത്രക്കാർ അറിയിച്ചു. ഇത് ട്രെയിനിനുള്ളിലും സ്റ്റേഷനിലും വലിയ ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും ഇടയാക്കി.

ശ്വാസം മുട്ടൽ മൂലം ആളുകൾ ബോധംകെട്ടു വീഴുന്ന അവസ്ഥയിലായിരുന്നുവെന്ന് യാത്രക്കാർ അറിയിച്ചു. `മെട്രോയ്ക്കുള്ളിൽ നെറ്റ്‌വർക്ക് ഉണ്ടായിരുന്നില്ല. ആ 50 മിനിറ്റ് കറുത്തിരുണ്ട ഒരു രാത്രി പോലെയാണ് തോന്നിയത്. സഹായത്തിനായി ജീവനക്കാരെ ആരെയും ചുറ്റിവട്ടത്ത് കണ്ടതുമില്ല, ആരെയും ബന്ധപ്പെടാനും കഴിഞ്ഞില്ല'. സാങ്കേതിക തകരാർ കാരണം അപ്‌ലൈൻ, ഡൗൺലൈൻ റൂട്ടുകളിലെ ട്രെയിൻ സർവീസുകളിൽ താമസം നേരിട്ടതായും പിന്നാലെ തകരാർ പരിഹരിച്ചതായും മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Technical snag in Mumbai Metro; services disrupted for nearly 50 minutes, passengers stranded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.