ജയ്പൂർ: അടുത്ത മുഖ്യമന്ത്രിയെ ചൊല്ലി രാജസ്ഥാൻ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമായിരിക്കേ, രാജിഭീഷണി മുഴക്കിയ അശോക് ഗെഹ്ലോട്ട് പക്ഷത്തെ എം.എൽ.എമാരെ അനുനയിപ്പിക്കാനുള്ള നീക്കം പാളുന്നു. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രശ്നം പരിഹരിക്കാൻ മുതിർന്ന നേതാക്കളായ അജയ് മാക്കനെയും മല്ലികാർജുൻ ഖാർഗെയെയുമാണ് ചുമതലപ്പെടുത്തിയത്. ഓരോ എം.എൽ.എമാരെയും നേരിൽ കണ്ട് സംസാരിക്കാനാണ് നിർദേശം നൽകിയത്. ഇതുപ്രകാരം എം.എൽ.എമാരുടെ യോഗം വിളിച്ചെങ്കിലും ഗെഹ്ലോട്ട് പക്ഷത്തുള്ളവർ പങ്കെടുത്തില്ല.
അതേസമയം, നവരാത്രി ആരംഭത്തിന്‍റെ ഭാഗമായി എം.എൽ.എമാർക്ക് വീടുകളിലേക്ക് പോകേണ്ടതിനാലാണ് നേതാക്കളെ കാണാൻ സാധിക്കാതിരുന്നതെന്നും, ദേശീയ നേതാക്കളെ കാണുന്നതിൽ തുറന്ന മനസ്സാണുള്ളതെന്നും മുതിർന്ന എം.എൽ.എ പ്രതാപ് സിങ് ഖചാരിയാവാസ് പറഞ്ഞു. ഇതേത്തുടർന്ന് അജയ് മാക്കനും മല്ലികാർജുൻ ഖാർഗെയും ഡൽഹിയിലേക്ക് മടങ്ങിയതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷനായാൽ ആരെ മുഖ്യമന്ത്രിയാക്കും എന്നതിനെ ചൊല്ലിയുള്ള ഭിന്നതയാണ് പാർട്ടിയെ തുറന്ന ചേരിപ്പോരിലേക്ക് നയിച്ചത്. അശോക് ഗെഹ്ലോട്ട് അധ്യക്ഷനാവുകയാണെങ്കിൽ സചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നതാണ് കോൺഗ്രസ് ഹൈകമാൻഡിന് താൽപര്യം. ഗെഹ്ലോട്ടുമായി പലതവണ ഇടഞ്ഞ സചിനെ മുഖ്യമന്ത്രി സ്ഥാനം നൽകി അനുനയിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എന്നാൽ, സചിനെ മുഖ്യമന്ത്രിയാക്കുന്നതിനെ ഗെഹ്ലോട്ട് എതിർത്തതോടെയാണ് പ്രതിസന്ധിക്ക് വഴിയൊരുങ്ങിയത്.
തന്‍റെ വിശ്വസ്തരിൽ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ആദ്യം ഗെഹ്ലോട്ടിന്‍റെ ആവശ്യം. പിന്നീട്, അധ്യക്ഷനാകുകയാണെങ്കിൽ തന്നെ മുഖ്യമന്ത്രിയായും തുടരാനുള്ള ആഗ്രഹം അറിയിച്ചു. എന്നാൽ, പാർട്ടിയുടെ 'ഒരാൾക്ക് ഒറ്റപ്പദവി' നിലപാട് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഈ ആവശ്യത്തെ നിരാകരിച്ചു. സചിൻ പൈലറ്റ് വിഭാഗം നീക്കങ്ങൾ വേഗത്തിലാക്കിയതിന് പിന്നാലെയാണ് നാടകീയ നീക്കത്തിൽ ഗെഹ്ലോട്ട് പക്ഷത്തെ 90ലേറെ എം.എൽ.എമാർ രാജിഭീഷണി മുഴക്കിയത്.
കോൺഗ്രസ് അധ്യക്ഷനാവുകയാണെങ്കിലും ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എം.എൽ.എമാരുടെ ആവശ്യം. രാജസ്ഥാനിൽ നടക്കുന്ന കാര്യങ്ങളൊന്നും തന്‍റെ കൈയിലല്ലെന്നും എം.എൽ.എമാർ അതൃപ്തിയിലാണെന്നുമാണ് ഗെഹ്ലോട്ട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.