ക്ലാസ് മുറിയിൽ അധ്യാപകന്റെ ഇസ്‍ലാമോഫോബിയ; വിവാദം, മാപ്പ്, ഒടുവിൽ സസ്‍പെൻഷൻ

ബംഗളൂരു: ക്ലാസ് മുറിയിൽ വിദ്യാർഥിയെ 'കസബ്'എന്നുവിളിച്ച അധ്യാപകന്റെ ഇസ്‍ലാമോഫോബിയക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വൻ പ്രതിഷേധം. മുംബൈ തീവ്രവാദ ആക്രമണ കേസിൽ പ്രതിയായി തൂക്കിക്കൊല്ലപ്പെട്ട അജ്മൽ അമീർ കസബിനോട് ത​ന്നെ ഉപമിച്ച അസി. പ്രഫസറെ വിദ്യാർഥി ചോദ്യംചെയ്യുന്ന വിഡിയോ പുറത്തുവന്നു. ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് സംഭവം. അധ്യാപകൻ ക്ഷമാപണം പറയുമ്പോൾ, 'നിങ്ങളുടെ ക്ഷമാപണത്തിന് നിങ്ങളുടെ ചിന്തയെ മാറ്റാനാവില്ല'എന്ന് വിദ്യാർഥി പറയുന്നതടക്കമുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വിഡിയോ പങ്കുവെച്ച യുനസ്കോ ചെയർപേഴ്സൻ അശോക് സ്വൈൻ 'ഇന്ത്യയിൽ ഒരു അധ്യാപകൻ ക്ലാസ് മുറിയിൽ വിദ്യാർഥിയെ 'തീവ്രവാദി'എന്ന് വിളിക്കുന്നു. ഒരു ന്യൂനപക്ഷ പ്രതിനിധിയാകുമ്പോൾ ഇതാണ് ഇന്ത്യയിൽ നേരിടേണ്ടി വരുക'എന്ന് ട്വീറ്റ് ചെയ്തു. വിദ്യാർഥിയോട് മാപ്പുപറഞ്ഞ് കോളജിൽ വിഷയം ഒതുക്കിയിരുന്നെങ്കിലും പിന്നീട് പുറത്തുവന്ന വിഡിയോ വൻ ചർച്ചയായതോടെ അധ്യാപകനെ സസ്‍പെൻഡ് ചെയ്തു.

ക്ലാസിൽ ചോദ്യം ചോദിക്കുന്നതിനു മുമ്പായി വിദ്യാർഥി സ്വയം പരിചയപ്പെടുത്തിയപ്പോൾ മുസ്‍ലിം നാമധാരിയായതിനാൽ, 'ഓ.. നീയൊരു കസബാണോ?'എന്ന് അധ്യാപകൻ തമാശയായി പ്രതികരിക്കുകയായിരുന്നുവെന്നറിയുന്നു. ഈ ഭാഗം വിഡിയോയിലില്ല. വിദ്യാർഥിയുടെ പ്രതികരണമാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. മതത്തിന്റെ പേരിൽ തന്നെ ഇകഴ്ത്തിക്കാട്ടുകയാണോ എന്ന് വിദ്യാർഥി ചോദിക്കുന്നു. ബാക്കി സംഭാഷണം ഇങ്ങനെ:

അധ്യാപകൻ: നീയെന്റെ മകനെ പോലെയാണ്.

വിദ്യാർഥി: അല്ല. എന്റെ പിതാവ് ഇതുപോലെ പറഞ്ഞാലും ഞാനദ്ദേഹത്തെ എതിർക്കും.

അധ്യാപകൻ: ഇത് വെറും തമാശയാണ്.

വിദ്യാർഥി: അല്ല സർ, ഇത് വെറും തമാശയല്ല. 26/11 ഒരു തമാശയല്ല. ഇസ്‍ലാമിക തീവ്രവാദവും ഒരു തമാശയല്ല. ഈ രാജ്യത്ത് ഒരു മുസ്‍ലിമായിരിക്കുക എന്നതും ഇതുപോലെ എല്ലാ ദിവസവും നേരിടേണ്ടിവരുന്നതും ഒരു തമാശയല്ല.

അധ്യാപകൻ: നീ എന്റെ മകനെ പോലെത്തന്നെയാണ്. ​

വിദ്യാർഥി: അല്ല സർ. ഒരിക്കലുമല്ല. നിങ്ങളുടെ മകനെ നിങ്ങൾ ഇതുപോലെ ഒരു തീവ്രവാദിയുടെ പേര് വിളിക്കുമോ? ക്ലാസിൽ മറ്റു കുട്ടികളുടെ മുന്നിൽവെച്ച് നിങ്ങൾക്കെങ്ങനെ എന്നെ അങ്ങനെ വിളിക്കാൻ കഴിയുന്നു? നിങ്ങ​ളൊരു പ്രഫഷനലാണ്. ഞങ്ങളെ പഠിപ്പിക്കുന്നയാളാണ്. നിങ്ങളെന്നെ അങ്ങനെ വിളിക്കാൻ പാടില്ല.

അധ്യാപകൻ: ക്ഷമിക്കണം. ഞാൻ ക്ഷമ ചോദിക്കുന്നു. ക്ഷമിക്കൂ...

വിദ്യാർഥി: നിങ്ങളുടെ ക്ഷമാപണത്തിന് നിങ്ങളുടെ ചിന്തയെയും നിങ്ങളെങ്ങനെയാണെന്ന് ഇവിടെ പകർന്നു നൽകിയതിനെയും മാറ്റാനാകില്ല.

ഇത്രയും ഭാഗമാണ് പുറത്തുവന്ന വിഡിയോയിലുള്ളത്. സംഭവത്തിൽ കോളജ് തലത്തിൽ അന്വേഷണം ആരംഭിച്ചതായും അന്വേഷണം പൂർത്തിയാകുന്നതുവരെ അധ്യാപകനെ സസ്‍പെൻഡ് ചെയ്തതായും മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു.

Tags:    
News Summary - Teacher's Islamophobia in the classroom in karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.