‘ടീച്ചർ പറഞ്ഞു, മുസ്​ലിം കുട്ടിയെ ഉറക്കെ അടിക്കാൻ’; ദുരനുഭവം ഓർത്തെടുത്ത്​ വിദ്യാർഥി

‘ടീച്ചർ പറഞ്ഞു മുസ്​ലിം കുട്ടിയെ ഉറക്കെ അടിക്കാൻ, ഒരു മണിക്കൂറോളം അവരെന്നെ അടിച്ചു’, തന്‍റെ ജീവിതത്തിൽ സംഭവിച്ച കടുത്ത അധിക്ഷേപവും ദുരനുഭവവും വിവരിക്കുമ്പോൾ ആ ഏഴ്​ വയസുകാരൻ വിതുമ്പുന്നുണ്ടായിരുന്നു. യു.പി നേഹ പബ്ലിക്​ സ്കൂളിലെ അധ്യാപികയുടെ വിദ്വേഷ കുറ്റകൃത്യം രാജ്യം മുഴുവൻ ചർച്ച ചെയ്യുമ്പോഴാണ്​ ഇരയാക്കപ്പെട്ട കുരുന്ന്​ തന്‍റെ അനുഭവം പറഞ്ഞത്​. എന്തിനാണ്​ ടീച്ചർ അടിപ്പിച്ചത്​ എന്ന ചോദ്യത്തിന്​ ‘ഗുണനപ്പട്ടിക ചൊല്ലുമ്പോൾ ഞാൻ ഒന്നുരണ്ട്​ തെറ്റുകൾ വരുത്തി’ എന്നായിരുന്നു കുട്ടിയുടെ ഉത്തരം.

‘അവർ അവനെ വല്ലാതെ തല്ലിച്ചതച്ചു’

വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നും ഇരയാകപ്പെട്ട കുട്ടി പറഞ്ഞു. മുമ്പും വിദ്യാർഥികളെ സഹപാഠികളെ ​കൊണ്ട് തല്ലിക്കുന്ന ശീലം തൃപ്ത ത്യാഗി എന്ന അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി മർദനമേറ്റ കുട്ടിയു​ടെ മാതാവ് റുബീനയും പറയുന്നു. അവർ അവനെ വല്ലാതെ തല്ലിച്ചതച്ചു. അടിയേറ്റ് അവന്റെ മുഖം ആകെ ചുവന്നിരുന്നു. എന്റെ കുട്ടിയെ തല്ലുന്ന വീഡിയോ കണ്ട് എനിക്ക് വല്ലാത്ത ദേഷ്യം വന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിക്കാൻ ഞാൻ പോയി ടീച്ചറെ കണ്ടു​വെന്നും എന്നാൽ എനിക്ക് വഴക്കിടാൻ താത്​പ്പര്യമില്ല എന്നായിരുന്നു മറുപടിയെന്നും റുബീന മാധ്യമങ്ങളോാട് പറഞ്ഞു

കുട്ടിയുടെ പിതാവ്​ നൽകിയ പരാതിയുടെ കോപ്പി ‘ദ ക്വിന്‍റ്​’ പുറത്തുവിട്ടിട്ടുണ്ട്​. ഗുണനപ്പട്ടിക ചൊല്ലാൻ ടീച്ചർ പറഞ്ഞതായും അത് കഴിയാതായതോടെ അധ്യാപിക കുട്ടിയെ മാറിമാറി അടിക്കാൻ നിർദ്ദേശിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. എന്തോ ജോലിക്കായി സ്‌കൂളിൽ പോയ കുട്ടിയുടെ ബന്ധുവാണ്​ സംഭവം പകർത്തിയതെന്നും പരാതിയിലുണ്ട്​. വിഡിയോയിൽ അധ്യാപിക മുസ്ലീംകൾക്കെതിരെയും പരാമർശങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ അധ്യാപികക്കെതിരെ പൊലീസ്​ കേസ് എടുത്തിട്ടുണ്ട്​. വിദ്യാർഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐ.പി.സി സെക്ഷൻ 524, 323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അധ്യാപിക പറയുന്നത്​

‘കുട്ടിയോട് കർശനമായി പെരുമാറാൻ മാതാപിതാക്കളിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നതായും ഞാനൊരു ഭിന്നശേഷിക്കാരിയാണെന്നും അതിനാലാണ്​ കുട്ടിയെ ശിക്ഷിക്കാൻ മറ്റ് വിദ്യാർഥികളുടെ സഹായം തേടിയതെന്നുമാണ്​ തൃപ്ത ത്യാഗി എന്ന അധ്യാപിക പറയുന്നത്​.


വിഡിയോ എഡിറ്റ് ചെയ്ത് വർഗീയമായി ചിത്രീകരിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധു ക്ലാസിലിരിക്കുന്നുണ്ടായിരുന്നു. അവനാണ് വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. എല്ലാകുട്ടികളും എന്റെ മക്കളെ പോലെയാണ്. എന്റെ തെറ്റ് അംഗീകരിക്കുന്നു. ചെറിയൊരു വിഷയം വലുതാക്കി പ്രചരിപ്പിക്കുകയായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. ഇങ്ങനെയായാൽ അധ്യാപകർ കുട്ടികളെ എങ്ങനെ പഠിപ്പിക്കും എന്നാണ്​ അധ്യാപിക ചോദിക്കുന്നത്​.

Tags:    
News Summary - 'Teacher Said Hit The Muslim Harder': Muzaffarnagar Child Recounts Classroom Horror

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.